കേരളം എനിക്ക് പ്രിയപ്പെട്ടതാണ്, മഹാപ്രളയത്തില്‍ നിന്ന് കരകയറിയ കൊച്ചുകേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് കരകയറിയ കൊച്ചുകേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോള്‍ സന്ദര്‍ശക ഡയറിയിലെഴുതിയ കുറിപ്പിലാണ് കോഹ്‌ലി കേരളത്തെ പുകഴ്ത്തി പറഞ്ഞത്. നേരത്തെ പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ കൂട്ടത്തില്‍ കോഹ്‌ലിയുമുണ്ടായിരുന്നു.

കോഹ്‌ലിയുടെ വാക്കുകള്‍ ഇങ്ങനെ…

‘കേരളത്തിലെത്തുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ഇവിടുത്തെ ഓരോ സ്ഥലങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാട് ആസ്വദിക്കാന്‍ ഞാന്‍ എല്ലാവരേയും ശുപാര്‍ശ ചെയ്യും. കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമാണിവിടം. വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സുന്ദര സ്ഥലത്തിന് നന്ദി’

ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ ആരാധകര്‍ ആര്‍പ്പുവിളികളുമായി തടിച്ചു കൂടിയിരുന്നു. കേരളത്തിന്റെ സ്വീകരണത്തിന് ബിസിസിഐ നന്ദി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബിസിസിഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്.

Exit mobile version