കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം, പാകിസ്താനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് നീക്കി

പഞ്ചാബ്: കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താനി താരങ്ങളുടെ ചിത്രങ്ങള്‍ മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റേതാണ്് (പിസിഎ) നടപടി.

ചണ്ഡിഗഡില്‍ പിസിഎ ഭാരവാഹികളുടെ യോഗത്തിലാണ് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ അജയ് ത്യാഗി പിടിഐയോട് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് ഇത്തരമൊരു നടപടി കൊണ്ട് ഉദ്ദേശിച്ചതെന്ന് ത്യാഗി പറഞ്ഞു. രാജ്യം മൊത്തം ആക്രമണത്തില്‍ കോപാകുലരാണ്. പിസിഎയ്ക്കും അതില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്റ്റേഡിയത്തിനുള്ളിലുള്ള ഗ്യാലറി, ലോങ് റൂം, റിസപ്ഷന്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പാക് ക്രിക്കറ്റ് താരങ്ങളുടെ 15 ചിത്രങ്ങളാണ് നീക്കം ചെയ്തത്. നീക്കം ചെയ്തതില്‍ നിലവിലെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ജാവേദ് മിയാന്‍ദദ്, വസീം അക്രം, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുമെന്നും ത്യാഗി പറഞ്ഞു.

നേരത്തെ, ഇന്ത്യ പാകിസ്താന് നല്‍കിയ ‘അതിപ്രിയ രാഷ്ട്രീയ പദവി’ പിന്‍വലിച്ചിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതി വസ്തുക്കള്‍ക്ക് രണ്ടിരട്ടി നികുതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version