ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ

മുംബൈ: ലോകകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ ബംഗ്‌ളാദേശിനെതിരെ നാലാം അങ്കത്തിന് ഇറങ്ങുകയാണ്. അതിനിടെ, ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്ക് എംവിഡി പിഴയിട്ടിരിക്കുകയാണ്.

മുംബൈ- പൂനെ എക്സ്പ്രസ് വേയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചതിന് രോഹിത് ശര്‍മയ്ക്ക് ഒന്നിലേറെ പിഴയാണ് ലഭിച്ചിരിക്കുന്നത്. മാച്ചിന് മൂന്നോടിയായി പൂനെയിലുള്ള ഇന്ത്യന്‍ ടീമിന്റെ അടുക്കലേക്കെത്താനുള്ള യാത്രയിലായിരുന്നു രോഹിത്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് രോഹിത് തന്റെ ലംബോര്‍ഗിനി ഓടിച്ചതെന്ന് പിഴയുടെ ചലാനില്‍ പറയുന്നു. 215 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് പിഴ ചലാനുകളാണ് രോഹിത്തിന് ലഭിച്ചത്. ഞായറാഴ്ചയാണ് ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് പൂനെയിലെത്തിയത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആണ് അമിതവേഗതയില്‍ കാറോടിച്ചതെന്നാണ് വിവരം.

ഇന്ന് രണ്ട് മണിക്കാണ് ഇന്ത്യ-ബംഗ്‌ളാദേശ് ഏകദിന പോരാട്ടം നടക്കുന്നത്. ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് തുടങ്ങിയ രോഹിത് ശര്‍മ്മയും സംഘവും തുടര്‍ന്ന് അഫ്ഗാനിസ്ഥാനെ എട്ടുവിക്കറ്റിനും പാകിസ്ഥാനെ ഏഴുവിക്കറ്റിനും തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്.

അതേസമയം ആദ്യ മത്സരത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ച ബംഗ്‌ളാദേശുകാര്‍ തുടര്‍ന്ന് ഇംഗ്‌ളണ്ടിനോടും ന്യൂസിലാന്‍ഡിനോടും തോറ്റിരുന്നു. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ ബംഗ്‌ളാദേശ്.

ശുഭ്മാന്‍ ഗില്‍ പനിമാറിയെത്തിയത് ഇന്ത്യയ്ക്ക് കരുത്ത് കൂട്ടുന്നുണ്ട്. വിരാട്, രോഹിത്, രാഹുല്‍ തുടങ്ങിയവരുടെ മികച്ച ഫോമാണ് ഇന്ത്യയുടെ ശക്തി. കുല്‍ദീപിന്റെ നേതൃത്വത്തിലുള്ള സ്പിന്നും ബുംറയുടെയും സിറാജിന്റെയും ചിറകിലുള്ള പേസും ജഡേജയുടെയും ഹാര്‍ദിക്കിന്റെയും ആള്‍റൗണ്ട് മികവും ചേര്‍ന്ന് മികച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരിചയ സമ്പന്നരായ ഷാക്കിബ് അല്‍ഹസനും മുഷ്ഫിക്കുര്‍ റഹിമുമാണ് ബംഗ്‌ളാദേശിന്റെ മുന്‍നിര പോരാളികള്‍.

Exit mobile version