ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ജ്യോത്സ്യന്റെ സഹായം തേടി കോച്ച് സ്റ്റിമാക്! താരങ്ങളുടെ നക്ഷത്രം അനുസരിച്ച് ടീം സെലക്ഷൻ; വിവാദം

ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ജ്യോത്സ്യനുമായി കൂടിക്കാഴ്ച നടത്തി തീരുമാനങ്ങൾ എടുത്തെന്ന് റിപ്പോർട്ട്. യോഗ്യതാ മത്സരങ്ങൾക്ക് മുമ്പായി ഡൽഹി സ്വദേശി ബുപേഷ് ശർമ്മ എന്ന ജോത്സ്യൻ ഇന്ത്യൻ ടീമിന്റെ ലിസ്റ്റ് തയ്യാറാക്കി സ്റ്റിമാകിന് അയച്ചുകൊടുക്കുകയായിരുന്നു പതിവെന്നാണ് പുറത്തെത്തിയ സൂചനകൾ.

ഇന്ത്യൻ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായി ചില താരങ്ങൾ ടീമിൽ ഇടം പിടിക്കാതെ പോയത് ചർച്ചയായിരുന്നു. ഇത് ജോത്സ്യന്റെ ഉപദേശപ്രകാരമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്താൻ, ഹോങ്കോങ് ടീമുകൾക്കെതിരായ മത്സരങ്ങൾക്ക് മുമ്പും ഇത്തരം ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. മത്സരങ്ങളിൽ ഇന്ത്യ ജയിക്കുകയും ഏഷ്യൻ കപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു.

ജ്യോത്സ്യനുമായി ഒന്നിലധികം തവണ സ്റ്റിമാകും ബുപേഷും തമ്മിൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും വിവരമുണ്ട്. യോഗ്യതാ മത്സരങ്ങൾക്ക് മുമ്പ് മേയ് അവസാനം ഇന്ത്യയും ജോർദാനും തമ്മിൽ സൗഹൃദ മത്സരം നടന്നിരുന്നു. ഈ മത്സരത്തിനുള്ള ടീമംഗങ്ങളെ തിരഞ്ഞെടുക്കാൻ സ്റ്റിമാക് ബുപേഷിന് സന്ദേശം അയച്ചിരുന്നു. താരങ്ങളുടെ നക്ഷത്രം അനുസരിച്ചാണ് അന്ന് ടീം തിരഞ്ഞെടുപ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്ന് അന്ന് ജോത്സ്യന്റെ നിർദേശ പ്രകാരം മധ്യനിരയിലെ ഒരു താരം തഴയപ്പെട്ടു.

എഐഎഫ്എഫിന്റെ മുൻ സെക്രട്ടറി കുശൽ ദാസാണ് ബുപേഷിനെ സ്റ്റിമാകിന് പരിചയപ്പെടുത്തി കൊടുത്തതെന്നും തുടർന്നാണ് ജ്യോത്സ്യന്റെ ഇടപെടലുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.

ALSO READ- നിപ സംശയം;കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി; 75 പേരുടെ പ്രാഥമിക സമ്പർക്കപട്ടിക തയ്യാറാക്കി, ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് മന്ത്രി വീണാ ജോർജ്

അതേസമയം, മത്സരത്തിന് മുമ്പായി ടീം അംഗങ്ങളുടെ വിവരം പുറത്ത് വിടാൻ പാടില്ലെന്നാണ് ചട്ടം. ഇത്തരത്തിൽ ടീം അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുറത്തായാൽ ഇന്ത്യൻ ടീമിന്റെ തന്ത്രങ്ങളടക്കം എതിരാളികൾ മനസിലാക്കാൻ സാധ്യതയുണ്ട്. ഈ വർഷം ഇഗോർ സ്റ്റിമാകിന്റെ കീഴിൽ ഇന്ത്യൻ ടീം മികച്ച മുന്നേറ്റം നടത്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. സംഭവത്തിൽ വലിയ വിവാദമാണ് നടക്കുന്നത്.

Exit mobile version