വലന്‍സിയ ഡബിള്‍: ആദ്യപകുതിയില്‍ ആധിപത്യം ഉറപ്പിച്ച് ഇക്വഡോര്‍

ഖത്തര്‍: 22ാംമത് ലോകകപ്പിന് കണ്ണുനട്ട് കാത്തിരിക്കുകയായിരുന്നു ലോകം.
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കാല്‍പ്പന്ത് മാമാങ്കത്തിന് ഖത്തറില്‍ ആവേശോജ്ജ്വല തുടക്കമായി. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിന് അല്‍ബയ്ത്ത് സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങി. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ആവേശകരമായ മത്സരം പുരോഗമിക്കുകയാണ്.

ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആതിഥേയരായ ഖത്തറിനെ വിറപ്പിച്ച് ഇക്വഡോര്‍. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഇക്വഡോര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു.


16, 31 മിനിറ്റുകളിലായി ക്യാപ്റ്റന്‍ എനര്‍ വലന്‍സി ഇക്വഡോറിനായി തൊടുത്ത ഗോള്‍ ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിലെ വലയിലെത്തിയ ഗോള്‍ വാര്‍ സിസ്റ്റം കവര്‍ന്നില്ലായിരുന്നെങ്കില്‍ ഇക്വഡോര്‍ നായകന് ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് തികക്കാമായിരുന്നു.

തുടക്കം മുതലെ മികച്ച കളി പുറത്തെടുക്കാനാണ് ഇക്വഡോര്‍ ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായിരുന്നു മൂന്നാം മിനിറ്റില്‍ ഗോളിനായുള്ള ആദ്യ ശ്രമം. വലന്‍സിയയുടെ ഗോള്‍ ആദ്യം അംഗീകരിച്ചെങ്കിലും അഞ്ചാം മിനിറ്റില്‍ വാര്‍ സിസ്റ്റം വഴിയുള്ള പരിശോധനയില്‍ താരം ഓഫ് ചെയ്തുവെന്ന് കണ്ടെത്തിയതോടെ ഗോള്‍ അല്ലാതെയായി. ഖത്തറിന് അത് ആശ്വാസം നല്‍കിയെങ്കിലും ഇക്വഡോര്‍ നിരാശരാകാന്‍ തയ്യാറായില്ല.

16-ാം മിനിറ്റില്‍ ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റനെ ഖത്തര്‍ ഗോള്‍കീപ്പര്‍ അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വീഴ്ത്തി. ഇതോടെ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചു. പെനല്‍റ്റി എടുത്ത വലന്‍സിയ അല്‍ ഷീബിനെ മറികടന്ന് ഖത്തറിന്റെ വല കിലുക്കി.

Exit mobile version