ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ക്ക് ആദരം: ഇനി ഡോക്ടര്‍ ഐഎം വിജയന്‍

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഐഎം വിജയന്‍ ഇനി ഡോക്ടര്‍ ഐഎം വിജയന്‍ . റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് ഐഎം വിജയന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി നല്‍കിയത്.

ജൂണ്‍ 10നാണ് റഷ്യയിലെ അര്‍ഹാങ്കില്‍സ്‌ക് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റി ഡിഗ്രി ഓഫ് ഡോക്ടര്‍ ഓഫ് സ്പോര്‍ട്‌സ് നല്‍കി ഐഎം വിജയനെ ആദരിച്ചത്. ഇക്കാര്യം താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയത്. ബഹുമതി നേടിയ ഐ.എം വിജയന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയടക്കം നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ”ഡോ. ഐഎം വിജയന്‍…മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി” എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദനം അറിയിച്ചത്.

17ാം വയസില്‍ കേരള പോലീസിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. 1989ല്‍ ആദ്യമായി ഇന്ത്യക്കുവേണ്ടി അരങ്ങേറി. 1993, 1997, 1999 വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ 13 കളികളില്‍ നിന്നും പത്തു ഗോളുകള്‍ വിജയന്‍ അടിച്ചിരുന്നു. 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിനെ നയിച്ചതും വിജയനായിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 40 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫുട്‌ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നിന്റെ റെക്കോഡും വിജയന്റെ പേരിലാണ്.

1999ലെ സാഫ് കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡില്‍ ഗോളടിച്ച് വിജയന്‍ ഞെട്ടിച്ചിരുന്നു. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെ ഹാട്രിക്ക് നേടി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായ വിജയന്‍ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യന്‍ കുപ്പായത്തിലെ അവസാന ടൂര്‍ണമെന്റ്. 2003ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു

Exit mobile version