ഒരു മാസം നീണ്ട ആശുപത്രി ജീവിതത്തിന് വിട: ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രി വിട്ടു

ബ്രസീല്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രി വിട്ടു. ഒരു മാസത്തോളം നീണ്ട ആശുപത്രി ജീവിതത്തിന് ശേഷമാണ് പെലെ വീട്ടിലേക്ക് മടങ്ങിയത്. ആശുപത്രി വിട്ടെങ്കിലും ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി തുടരും.

വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സെപ്റ്റംബറിലാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ട്യൂമര്‍ നീക്കം ചെയ്യാന്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

താരത്തെ ഐ.സി.യുവിലേക്ക് മാറ്റിയ സമയം മുതല്‍ പെലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകള്‍ വെറും പ്രചരണങ്ങള്‍ മാത്രമാണെന്നും ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പെലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പെലെ തന്നെ തന്റെ ആരോഗ്യവിവരം പങ്കുവെച്ചിരുന്നു. ഐ.സി.യുവില്‍ നിന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു പെലെയുടെ പ്രതികരണം. 90 മിനിറ്റും എക്‌സ്ട്രാ ടൈമും കളിക്കാന്‍ തയ്യാറാണെന്നായിരുന്നു അന്ന് ഇന്‍സ്റ്റയില്‍ പെലെ പ്രതികരിച്ചത്.

2019ല്‍ മൂത്രാശയത്തിലെ അണുബാധയെത്തുടര്‍ന്ന്? താരത്തെ ഫ്രാന്‍സിലെ ആശുപത്രിയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ അടിച്ചുകൂട്ടിയത്.

Exit mobile version