മെസി കണ്ണീര്‍ തുടച്ച ടിഷ്യുവിന് വില ഏഴര കോടിയോളം: പുതിയൊരു മെസിയെ സൃഷ്ടിയ്ക്കാമെന്ന് അവകാശവാദം

എഫ്‌സി ബാഴ്‌സലോണയോട് വിട പറഞ്ഞുള്ള പത്രസമ്മേളനത്തില്‍ മെസി വികാരദീനനായത് ആരാധകരെയും കണ്ണീരിലാഴ്ത്തിയിരുന്നു. താന്‍ കണ്ണീര്‍ തുടച്ച ടിഷ്യൂ പേപ്പര്‍ ഉപേക്ഷിക്കുമ്പോള്‍ ലയണല്‍ മെസി ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അതിന് ഇത്ര മാത്രം വിലയുണ്ടാകുമെന്ന്.

എന്നാല്‍ മെസിക്കു പോലും നിശ്ചയമില്ലാത്ത താരത്തിന്റെ മൂല്യത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള ഒരു വ്യക്തി ആ പേപ്പര്‍ കണ്ടെത്തുകയും അതു ലേലത്തിനു വെക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു മില്യണ്‍ ഡോളറിനാണ് ടിഷ്യു (ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
യൂറോപ്പിലെ വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള നിരവധി വെബ്സൈറ്റുകളില്‍ ലയണല്‍ മെസി കണ്ണീര്‍ തുടച്ച ടിഷ്യൂ പേപ്പര്‍ വാങ്ങാന്‍ കഴിയുമെന്ന പരസ്യം വരുന്നുണ്ട്. അതു കണ്ടെത്തിയ ആള്‍ ഒരു മില്യണ്‍ ഡോളറാണ് (ഏഴരക്കോടിയോളം ഇന്ത്യന്‍ രൂപ) മെസി കണ്ണീര്‍ തുടച്ച് ഉപേക്ഷിച്ച കടലാസിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

ഈ സീസണില്‍ എഫ്‌സി ബാഴ്‌സലോണയില്‍ നിന്ന് പാരീസ് സെന്റ് ജെര്‍മെയ്‌നിലേക്കുള്ള മെസിയുടെ മാറ്റം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.

വിടവാങ്ങല്‍ പ്രസംഗത്തില്‍, ക്ലബ് വിടുന്നതിന്റെ വിഷമം പ്രകടിപ്പിച്ച മെസിക്ക് തന്റെ കണ്ണുനീര്‍ അടക്കാനാകാതെ വന്നപ്പോള്‍, ഭാര്യ അന്റോണെല്ല കണ്ണുനീര്‍ തുടയ്ക്കാന്‍ ടിഷ്യു പേപ്പര്‍ നല്‍കിയിരുന്നു.
കംപ്ലീറ്റ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് അതേ പത്രസമ്മേളനത്തിന്റെ മുന്‍ നിരയില്‍ ഇരുന്ന ഒരാള്‍ മെസി കളഞ്ഞ ടിഷ്യു പേപ്പര്‍ എടുത്തു. റോജക്‌ഡെയ്ലി റിപ്പോര്‍ട്ട് പ്രകാരം മൈക്കെഡുവോയില്‍ ടിഷ്യു ലേലത്തിന് വച്ച വ്യക്തി, ടിഷ്യുവില്‍ മെസിയുടെ ജനിതക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതുവഴി മെസിയെ പോലുള്ള ഒരു ഫുട്‌ബോള്‍ കളിക്കാരനെ ക്ലോണ്‍ ചെയ്യാന്‍ സാധിക്കുമെന്നും അവകാശപ്പെടുന്നു.

അതേസമയം, അര്‍ജന്റീനിയന്‍ മാസ്റ്റര്‍ ക്ലബിനായി സൈന്‍ അപ്പ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്ജി 10 ലക്ഷത്തോളം ലയണല്‍ മെസി ജേഴ്‌സികള്‍ അവരുടെ സ്റ്റോറുകളിലും ഓണ്‍ലൈനിലുമായി വിറ്റു. ഓരോ മെസി ഷര്‍ട്ടിനും 115 മുതല്‍ 165 യൂറോ വരെയാണ് വില. അര്‍ജന്റീനിയന്‍ ജേഴ്‌സികളേക്കാള്‍ വിലയുണ്ട് ഈ ജേഴ്‌സികള്‍ക്ക്. പിഎസ്ജി മൂന്ന് ദിവസത്തിനുള്ളില്‍ 100,000,000 ഡോളര്‍ സമ്പാദിച്ചു എന്നാണ് വിവരം.

ബാഴ്സലോണ വിട്ട മെസി അതിനു പിന്നാലെ തന്നെ പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയും ക്ലബിനു വേണ്ടി കളത്തിലിറങ്ങിയിട്ടില്ല. വളരെ വൈകി ടീമിനൊപ്പം ചേര്‍ന്നതു കൊണ്ട് മെസിയടക്കമുള്ള ഏതാനും താരങ്ങള്‍ക്ക് കൂടുതല്‍ ട്രെയിനിങ് സെഷനുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ ടീമിനു വേണ്ടി ആദ്യത്തെ മത്സരത്തിനിറങ്ങാന്‍ സാധിക്കുകയുള്ളൂ.

Exit mobile version