മെസി ബാഴ്‌സലോണയില്‍ തുടരും: ശമ്പളം പകുതിയാക്കി, കരാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി പുതുക്കിയതായി റിപ്പോര്‍ട്ട്

ആരാധകര്‍ക്ക് ആശ്വസിക്കാം, സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയെന്ന് റിപ്പോര്‍ട്ട്. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീര്‍ഘിച്ച കരാറിനാണ് മെസി സമ്മതിച്ചിരിക്കുന്നത്.

കരാര്‍ അഞ്ച് വര്‍ഷത്തേക്കാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഉടന്‍ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോള്‍ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്‌സ പുതുതായി സൈന്‍ ചെയ്ത സെര്‍ജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു.

ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 600 മില്ല്യണ്‍ ഡോളര്‍ ആണ് റിലീസ് ക്ലോസ്. വാരാന്ത്യത്തില്‍ തന്നെ മെസി കരാര്‍ പുതുക്കിയ വിവരം ബാഴ്‌സലോണ ഔദ്യോഗികമായി അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ബാര്‍തോമ്യുവിനെതിരെയും ബോര്‍ഡിനെതിരെയും ആഞ്ഞടിച്ച താരം കരാര്‍ അവസാനിക്കുമ്പോള്‍ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോര്‍ഡിന്റെ രാജിയിലേക്ക് വഴിതെളിച്ചു.

ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡന്റ് യുവാന്‍ ലാപോര്‍ട്ട എത്തി. മെസി ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോര്‍ട്ട പറഞ്ഞിരുന്നു.

Exit mobile version