യുറോ കപ്പ് : സ്റ്റേഡിയത്തിന് പുറത്ത് ഇറ്റലിക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് ഇംഗ്ലിഷ് ആരാധകര്‍

Euro2020 | Bignewslive

വെംബ്ലി : യുറോ കപ്പില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് ഇംഗ്ലിഷ് ആരാധകരുടെ കയ്യാങ്കളി. കളി തോറ്റതിന്റെ നിരാശയില്‍ ഇറ്റലി ആരാധകരെ ഇംഗ്ലണ്ട് ആരാധകര്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചു.

പരാജയത്തിന് ശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ ആരാധകര്‍ ഇറ്റലിക്കാരെ തലങ്ങും വിലങ്ങും മര്‍ദിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. അക്രമാസക്തരായ ആരാധകര്‍ വംശീയമായ അധിക്ഷേപം നടത്തുന്നതും വീഡിയോയിലുണ്ട്.ഇറ്റലിയുടെ ദേശീയ പതാകയെയും ആരാധകര്‍ അപമാനിച്ചു. പതാക കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഒരു ആരാധകന്‍ അതില്‍ തുപ്പുന്നതും ചിലര്‍ ചവിട്ടുന്നതുമടക്കമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി.

യൂറോ കപ്പില്‍ ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നത് മുതല്‍ വിവാദം സൃഷ്ടിക്കുകയായിരുന്നു ഇംഗ്ലിഷ് ആരാധകര്‍. ഡെന്‍മാര്‍ക്കിനെതിരായ സെമിഫൈനലില്‍ ഹാരി കെയ്ന്‍ പെനല്‍റ്റി എടുക്കുന്നതിന് തൊട്ടുമുമ്പ് ഡാനിഷ് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കളിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ പതിപ്പിക്കുകയും ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനത്തിനിടെ ആരാധകര്‍ കൂവുകയും ചെയ്തതിനെത്തുടര്‍ന്ന് യുവേഫ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ജര്‍മനിക്കെതിരായ പ്രീ ക്വാര്‍ട്ടറിലും ദേശീയ ഗാനത്തിനിടെ ഇംഗ്ലിഷ് ആരാധകര്‍ കൂവിവിളിച്ചിരുന്നു.

Exit mobile version