വിവാഹം ഇവിടെ വെച്ചായാലോ ? വധൂവരന്മാര്‍ക്ക്‌ ഒന്നരലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഒരു വെഡ്ഡിങ് ഡെസ്റ്റിനേഷന്‍

വിവാഹിതരാകുന്നവര്‍ക്ക് പൈസ അങ്ങോട്ട് കൊടുക്കുന്ന ഒരു വെഡ്ഡിങ് ഡെസ്റ്റിനേഷനെ പറ്റി കേട്ടിട്ടുണ്ടോ ? എന്നാല്‍ അങ്ങനെയൊന്നുണ്ട്, ഇറ്റലിയിലെ ലാസിയോ എന്ന സ്ഥലമാണിത്‌.

രാജ്യ തലസ്ഥാനമായ റോം ഉള്‍പ്പെടുന്ന മേഖലയാണ് ലാസിയോ. കോവിഡ് സാരമായി ബാധിച്ച സാമ്പത്തിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്ന പദ്ധതിയാണിത്. ‘നെല്‍ ലാസിയോ കോണ്‍ അമോര്‍’ അല്ലെങ്കില്‍ ‘ഫ്രം ലാസിയോ വിത്ത് ലവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 2022 ജനുവരി 1നും ഡിസംബര്‍ 31നും ഇടയില്‍ ഈ പ്രദേശത്ത് വെച്ച് വിവാഹം കഴിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഓഫര്‍ ലഭിക്കും.

പ്രാദേശിക കാറ്ററിംഗുകാര്‍, പൂക്കച്ചവടക്കാര്‍, വെഡ്ഡിങ് പ്ലാനര്‍മാര്‍, ഇവന്റ് കമ്പനികള്‍ എന്നിവരില്‍ നിന്നുള്ള സേവനങ്ങള്‍ക്കോ ഉത്പന്നങ്ങള്‍ക്കോ 2000 യൂറോ വരെ റീഫണ്ട് നല്‍കാന്‍ 10 മില്യണ്‍ യൂറോയാണ് അനുവദിച്ചിരിക്കുന്നത്. ഹണിമൂണ്‍ ചിലവുകള്‍, ഫോട്ടോഗ്രഫി സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഓഫര്‍ വേണ്ട ദമ്പതികള്‍ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട പരമാവധി അഞ്ച് രസീതുകളുടെയെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ലാസിയോ മേഖലയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഏത് സ്ഥലവും വധൂവരന്മാര്‍ക്ക് വിവാഹ വേദിയായി തിരഞ്ഞെടുക്കാം.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മേഖലയെ കരകയറ്റാന്‍ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്ന് ലാസിയോയുടെ പ്രസിഡന്റ് നിക്കോള സിംഗാരറ്റിയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സമാനതകളില്ലാത്ത സാംസ്‌കാരിക പൈതൃകമുള്ള മേഖലയാണ് ലാസിയോ എന്നും നമ്മുടേതെന്ന് അഭിമാനിക്കാന്‍ ഓരോ പ്രദേശവാസിക്കും സാധിക്കുന്നത്ര മനോഹരമാണ് പ്രദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ലോകമെങ്ങുമുള്ളവരുടെ ഇഷ്ട വിവാഹ ഡെസ്റ്റിനേഷനായാണ് ഇറ്റലി അറിയപ്പെടുന്നത്. കോവിഡില്‍ തകര്‍ന്നടിഞ്ഞ ടൂറിസം തിരികെ കൊണ്ടുവരാന്‍ വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. കോവിഡില്‍ ഏറ്റവുമാദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്ന് കൂടിയായിരുന്നു ഇറ്റലി.

Exit mobile version