ഗ്രൗണ്ടിൽ തോൽവി, ഗ്യാലറിയിൽ വിജയം! ഗ്രൗണ്ടിൽ ടീം ഇന്ത്യ വിയർക്കുമ്പോൾ ഗ്യാലറിയിൽ ഓസീസ് സുന്ദരിയുടെ പ്രണയം വിജയിച്ച് ഇന്ത്യക്കാരൻ; വൈറലായി വീഡിയോ

indian boy | video news

സിഡ്‌നി: ക്രിക്കറ്റ് ഗ്രൗണ്ടിൽ തോൽവി മുന്നിൽ കണ്ട് ടീം ഇന്ത്യ വിയർക്കുമ്പോൾ ഗ്യാലറിയിൽ പ്രണയത്തിന്റെ കുളിർമ സ്വന്തമാക്കി ഒരു ഇന്ത്യക്കാരൻ. രണ്ടാം ഓസീസ്-ഇന്ത്യ ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെയാണ് ഗ്യാലറിയിൽ ഒരു ഓസീസ്-ഇന്ത്യൻ പ്രണയം പൂത്തുലഞ്ഞത്. ഈ കഥയിലെ നായകൻ ഇന്ത്യൻ വംശജനും നായിക ഓസ്‌ട്രേലിയൻ യുവതിയുമാണ്. മത്സരത്തിനിടെ യുവാവ് യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ രണ്ടാം ബാറ്റിങിന് ഇറങ്ങിയതിനിടെയായിരുന്നു ഈ മനോഹര നിമിഷങ്ങൾ.

ശ്രേയസ് അയ്യരും വിരാട് കോഹ്‌ലിയും ക്രിസിൽ നിൽക്കെ ഇന്ത്യൻ ബാറ്റിങ് 20 ഓവർ പിന്നിടുകയും ചെയ്യുമ്പോഴാണ് ഗാലറിയിൽ ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ ആരാധകൻ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്. അപ്രതീക്ഷിതമായായിരുന്നു യുവാവിന്റെ നീക്കം. മുട്ടുകുത്തി നിന്ന് മോതിരം മുന്നിലേക്ക് നീട്ടി പ്രണയാർദ്രമായി യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു യുവാവ്.

ഈ പ്രവർത്തിയിൽ ആദ്യമൊന്ന് അമ്പരന്ന യുവതി ഒടുവിൽ ആ പ്രണയം സ്വീകരിക്കുകയും ഗ്രൗണ്ടിലെ വലിയ സ്‌ക്രീനിൽ മനോഹരമായ നിമിഷങ്ങൾ തത്സമയം തെളിയുകയും ചെയ്യുകയായിരുന്നു. താരങ്ങൾ കൈയ്യടിച്ച് അഭിനന്ദിച്ചതോടെ ആ നിമിഷം കൂടുതൽ സുന്ദരമാകുകയും ചെയ്തു. ഇന്ത്യൻ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ പ്രണയരംഗത്തെ അഭിനന്ദിക്കുന്നതും ശ്രദ്ധേയമായി.

ഏതായാലും സംഭവത്തിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തതോടെയാണ് ലോകം തന്നെ ഈ വീഡിയോ ഏറ്റെടുത്തത്.

Exit mobile version