തകര്‍ത്തടിച്ച് ഡിക്കോക്ക്; മുംബൈക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം,പോയന്റ് പട്ടികയില്‍ ഒന്നാമത്

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നേടിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 44 പന്തില്‍ 78 റണ്‍സോടെ പുറത്താകാതെ നിന്നു. മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സേടുത്തു. ജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും തകര്‍പ്പന് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേ ഓവറില്‍ 51 റണ്‍സാണ് മുംബൈ നേടിയത്. 63 പന്തില്‍ 94 റണ്‍സ് എടുത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. ശിവം മാവിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സ് രോഹിത്ത് എടുത്തു. പിന്നാലെ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 10 റണ്‍സെടുത്ത് പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആവുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ
ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തിരുന്നു. 36 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്. 29 പന്തുകള്‍ നേരിട്ട മോര്‍ഗന് 39 റണ്‍സോടെ പുറത്താകാതെ നിന്നു. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ബാറ്റിങ് പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേത്.

Exit mobile version