കാര്‍ത്തിക്ക് മിന്നി; കൊല്‍ക്കത്തയ്ക്ക് ആവേശ വിജയം

അബുദാബി: കിങ്സ് ഇലവന്‍ പഞ്ചാബിനെ രണ്ട് റണ്‍സിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവിശ്വസനീയ വിജയം. അവസാനഘട്ടം വരെ ജയം ഉറപ്പിച്ചിടത്താണ്, അവസാന ഓവറില്‍ തോല്‍വി വഴങ്ങി പഞ്ചാബ് വീണ്ടും പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണത്. 165 റണ്‍സ് വിജയലക്ഷ്യവുമായാണ് പഞ്ചാബ് കളത്തിലേയ്ക്ക് ഇറങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ.

ഒരു ഘട്ടത്തില്‍ അനായാസ വിജയം നേടുമെന്ന പ്രതീക്ഷയില്‍ നിലനില്‍ക്കെയാണ് പഞ്ചാബിന്റെ അപ്രതീക്ഷിത വീഴ്ച. ആദ്യ വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും പിന്നീട് അവസാന ഓവറില്‍ 14 റണ്‍സെടുക്കാനാവാതെ തകരുകയുമായിരുന്നു. സുനില്‍ നരെയ്ന്‍ എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടത്. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ മാക്സ്വെല്‍ രണ്ടാം പന്തില്‍ ബൗണ്ടറി നേടി.

മൂന്നാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പിന്നീട് മന്‍ദീപാണ് ക്രീസിലെത്തിയത്. അദ്ദേഹത്തെ നാലാമത്തെ ബോളില്‍ പുറത്താക്കി നരെയ്ന്‍ കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കുകയായിരുന്നു. അവസാന ബോളില്‍ ഏഴുറണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ബോളില്‍ മാക്സ്വെല്ലിന് ബൗണ്ടറി മാത്രമേ നേടാനായുള്ളൂ. അതുവഴി കൊല്‍ക്കത്ത വിജയം സ്വന്തമാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്റെയും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ആറുവിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനായത്. തുടക്കത്തില്‍ വലിയ തകര്‍ച്ച നേരിട്ട ടീം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആദ്യ ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചതും.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുല്‍ ത്രിപാഠിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണ റണ്‍ ഔട്ടായി. ആദ്യ ഓവറുകളില്‍ സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ കൊല്‍ക്കത്ത ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വെറും 25 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്.

തുടക്കത്തില്‍ രണ്ടുവിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് പതിയെ മോര്‍ഗനും ഗില്ലും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പൊക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നാലെ മോര്‍ഗനെ ബിഷ്ണോയി മടക്കി. മോര്‍ഗന്‍ മടങ്ങിയെങ്കിലും ഒരറ്റത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കി.

15-ാം ഓവറിലാണ് ടീം 100 കടന്നത്. ക്യാപ്റ്റന്‍ കാര്‍ത്തിക്ക് ഈ സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന മത്സരം കൂടിയായിരുന്നു ഇത്. ഗില്ലും കാര്‍ത്തിക്കും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത കാര്‍ത്തിക്കാണ് സ്‌കോര്‍ 160 കടത്തിയത്. അദ്ദേഹം 29 പന്തുകളില്‍ നിന്നും 58 റണ്‍സെടുത്ത് അവസാന ബോളില്‍ പുറത്തായി.

Exit mobile version