ഐപിഎല്‍: കൊവിഡ് പരിശോധനയ്ക്കു മാത്രം ബിസിസിഐ ചെലവഴിക്കുന്നത് 10 കോടിയോളം രൂപ

ദുബായ്: ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കൊവിഡ് പരിശോധനയ്ക്കു മാത്രം ബിസിസിഐ ചെലവഴിക്കുന്നത് 10 കോടിയോളം രൂപയാണ് .യുഎഇയിലെ മൂന്നു സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഐപിഎല്ലില്‍ ആകെ 20,000ത്തോളം കൊവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടി വരുമെന്നാണ് കണക്ക്. ഇതിനായാണ് 10 കോടിയോളം രൂപ ബിസിസിഐ വകയിരുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയില്‍ മത്സരങ്ങള്‍ നടക്കുന്നത്.

‘ഐപിഎല്ലുമായി ബന്ധപ്പെട്ട് യുഎഇയിലെത്തുന്ന താരങ്ങളുടെ കൊവിഡ് പരിശോധനയ്ക്ക് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്‌കെയര്‍ എന്ന സ്ഥാപനത്തെയാണ് ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ ടെസ്റ്റിനും ബിസിസിഐയ്ക്ക് 200 ദിര്‍ഹം ചെലവു വരും. എത്ര പരിശോധന വേണ്ടിവരുമെന്ന് കൃത്യം പറയാനാകില്ലെങ്കിലും ഏതാണ്ട് 20,000നു മുകളില്‍ പരിശോധന വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇതിനായി ഏതാണ്ട് 10 കോടിയോളം രൂപയാണ് ബിസിസിഐ ചെലവഴിക്കുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കു മാത്രമായി 75 ആരോഗ്യപ്രവര്‍ത്തകരാണ് ജോലി ചെയ്യുന്നത്’ എന്നും ഐപിഎല്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെടുന്നതുവരെ ഇന്ത്യയില്‍വച്ച് നടത്തിയ പരിശോധനകളുടെ സമ്പൂര്‍ണ ചെലവ് അതാത് ടീമുകളാണ് വഹിച്ചിരുന്നത്.

എന്നാല്‍ യുഎഇയില്‍ എത്തിയതുമുതല്‍ എല്ലാവരുടെയും സമ്പൂര്‍ണ പരിശോധനാ ചെലവ് ബിസിസിഐ ആണ് വഹിക്കുന്നത്. ഓഗസ്റ്റ് 20നാണ് ടീമുകള്‍ യുഎഇയില്‍ എത്തിത്തുടങ്ങിയത്. അതേസമയം ഇതുവരെ നടത്തിയ പരിശോധനകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ടു താരങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവായിരുന്നു.

Exit mobile version