ചൈനീസ് നിരോധനം: ഐപിഎൽ സ്‌പോൺസർഷിപ്പിൽ നിന്നും വിവോ പുറത്ത്; സ്ഥാനമേറ്റെടുക്കാൻ ശ്രമിച്ച് പതഞ്ജലി

ന്യൂഡൽഹി: ചൈനീസ് കമ്പനിയായ വിവോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പിൽനിന്നും പിന്മാറിയതോടെ ആ സ്ഥാനം എത്തിപ്പിടിക്കാൻ ശ്രമിച്ച് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. ഐപിഎൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ് പതഞ്ജലി ഏറ്റെടുത്തേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പതഞ്ജലിയുടെ വക്താവ് എസ്‌കെ തിജാരവാലയാണ് ഇക്കാര്യം അറിയിച്ചത്.

‘ഈ വർഷം ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് പതഞ്ജലി ഏറ്റെടുക്കും. പതഞ്ജലി എന്ന ബ്രാൻഡിനെ ഗ്ലോബൽ മാർക്കറ്റിലേക്കെത്തിക്കാനാണ് ഞങ്ങളുടെ ശ്രമം’ തിജാരവാല പറഞ്ഞു. ഇതിനായുള്ള ശുപാർശ ബിസിസിഐയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്നും പതഞ്ജലി അറിയിച്ചു.

ഐപിഎല്ലിന്റെ ടൈറ്റിൽ സ്‌പോൺസർ എന്ന നിലയിൽ ഐപിഎല്ലിനുപരിയായി പതഞ്ജലിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ബ്രാൻഡുകൾക്കിടയിലെ ചില ശ്രേണിയിൽനിന്നും പുറത്താവുമെങ്കിലും ചൈനക്കെതിരായ വികാരത്തിന്റെ പശ്ചാത്തലത്തിൽ പതഞ്ജലിക്കിത് സന്ദർഭോചിതമായ ഇടപെടലായിരിക്കും എന്നാണ് ബ്രാൻഡ് തന്ത്രജ്ഞൻ ഹരീഷ് ബിജൂറിന്റെ അഭിപ്രായം.

വിവോ ടൈറ്റിൽ സ്‌പോൺസർഷിപ്പിൽ നിന്നും പിന്മാറിയ വിവരം ഓഗസ്റ്റ് ആറിനാണ് ബിസിസിഐ അറിയിച്ചത്. പ്രതിവർഷം 440 കോടിയുടെ സ്‌പോൺസർഷിപ്പിനുള്ള കരാറായിരുന്നു 2018ൽ വിവോ ഒപ്പുവെച്ചിരുന്നത്. അതേസമയം, സ്‌പോൺസർഷിപ്പ് തുകയിൽ 50 ശതമാനത്തിന്റെ കുറവുവരുത്തുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്. സെപ്തംബർ 19 മുതൽ നവംബർ പത്തുവരെ യുഎഇയിലാണ് ഇത്തവണ ഐപിഎൽ ടൂർണമെന്റ് നടക്കുക.

Exit mobile version