ഖത്തര്‍ ലോകകപ്പിന് കിക്കോഫ് 2022 നവംബര്‍ 21ന്

ദോഹ: കോവിഡ് പ്രതിസന്ധിക്കിടയിലും ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയെത്തി. 2022 ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ പുറത്തുവിട്ടു. കായിക മാമാങ്കത്തിന് നവംബര്‍ 21 അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് കിക്കോഫാവുക.

ഉദ്ഘാടന മല്‍സരം നവംബര്‍ 21ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് 60000 പേര്‍ക്ക് ഇരിക്കാവുന്ന അല്‍ബെയ്ത് സ്‌റ്റേഡിയത്തിലാണ് നടക്കുക. ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18ന് വൈകുന്നേരം ആറിന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.

വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്താന്‍ ഫിഫ തയാറായത്. 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 3.30, വൈകീട്ട് 6.30, രാത്രി 8.30, 10.30, 12.30 എന്നിങ്ങനെയാണ് മത്സരങ്ങള്‍.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്കും(ഇന്ത്യന്‍ സമയം 8.30), 10 മണിക്കും(ഇന്ത്യന്‍ സമയം 12.30) ആയിരിക്കും നടക്കുക. സെമിഫൈനല്‍ മത്സരങ്ങള്‍ പ്രാദേശികസമയം രാത്രി 10(ഇന്ത്യന്‍ സമയം രാത്രി 12.30ന്)ആരംഭിക്കും. ഫൈനലും ലൂസേഴ്‌സ് ഫൈനലും പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക്(ഇന്ത്യന്‍ സമയം 8.30ന്) നടക്കും.

ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാര്‍ച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും. മാര്‍ച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ്.

ലോകകപ്പ് ടിക്കറ്റുകള്‍ FIFA.com/tickets എന്ന വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും വില്‍പന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

Exit mobile version