എന്തൊക്കെ നേടിയാലും വനിതാ താരങ്ങൾക്ക് ഒടുവിൽ കേൾക്കേണ്ടി വരിക ‘ഒരു കുഞ്ഞൊക്കെ വേണ്ടേ’ എന്ന ചോദ്യം; ഇന്ത്യക്കാരുടെ മനോഭാവത്തെ കുറിച്ച് സാനിയ മിർസ

ഹൈദരാബാദ്: എന്തൊക്കെ നേട്ടങ്ങൾ വനിതാ കായിക താരങ്ങൾ സ്വന്തമാക്കിയാലും ഒടുവിൽ ബാക്കിയാവുക ‘ഒരു കുഞ്ഞൊക്കെ വേണ്ടേ’ എന്ന ചോദ്യമാണെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. വനിതാ കായിക താരങ്ങളോടുള്ള ഇന്ത്യൻ ജനതയുടെ പൊതുവായ മനോഭാവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാനിയ.

‘സ്ത്രീകൾക്കായി നമ്മുടെ സമൂഹം പൊതുവായ ചില ചട്ടങ്ങൾ കൊണ്ടുനടക്കുന്നുണ്ട്. ടെന്നിസിൽനിന്ന് വളരെയേറെ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ആളുകൾ എപ്പോഴും എന്നോടു ചോദിക്കുന്നത് എപ്പോഴാണ് ഒരു കുഞ്ഞൊക്കെ ആവുക എന്നാണ്. കുഞ്ഞില്ലെങ്കിൽ എന്റെ ജീവിതം പൂർണമാകില്ലെന്ന വിധത്തിലാണ് ഇവരുടെ പെരുമാറ്റം’ – സാനിയ പറഞ്ഞു.

‘ഒരു കുഞ്ഞില്ലെങ്കിൽ തന്റെ ജീവിതം പൂർണമാകില്ലെന്ന’ വിധത്തിലാണ് ആളുകളുടെ സംസാരമെന്നും സാനിയ വിശദീകരിച്ചു. അതേസമയം, വനിതാ താരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും രണ്ടു മൂന്നു തലമുറകൾ കൊണ്ട് ഇപ്പോഴുള്ള ചെറിയ പ്രശ്‌നങ്ങളും മാറുമെന്നാണ് കരുതുന്നതെന്നും സാനിയ വ്യക്തമാക്കി. ഇന്ത്യയിൽ ക്രിക്കറ്റ് മാറ്റിനിർത്തിയാൽ മറ്റു കായിക മേഖലകളിൽ കൂടുതൽ വനിതാ താരങ്ങളാണുള്ളതെന്നും സാനിയ ചൂണ്ടിക്കാട്ടി. വനിതാ താരങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വർധനവ് സന്തോഷകരമാണെന്നും സാനിയ പറഞ്ഞു.

പാകിസ്താൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്റെ ഭാര്യയാണ് ആറ് ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിർസ. ഇരുവർക്കും ഇഷാൻ മിർസ മാലിക്കെന്ന രണ്ടു വയസ്സുകാരൻ മകനുണ്ട്.

Exit mobile version