ബിസിസിഐയുടെ ബന്ധുവാണോ ഈ മനീഷ് പാണ്ഡെ? താരത്തിനെ ടീമിലെടുത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ

'എത്ര ചാന്‍സുകളാണ് ഈ മനുഷ്യന് നല്‍കുന്നത്? ബിസിസിഐയുടെ ബന്ധുവോ മറ്റോ ആണോ ഈ മനീഷ് പാണ്ഡെ'?

മുംബൈ: ‘എത്ര ചാന്‍സുകളാണ് ഈ മനുഷ്യന് നല്‍കുന്നത്? ബിസിസിഐയുടെ ബന്ധുവോ മറ്റോ ആണോ ഈ മനീഷ് പാണ്ഡെ’? … വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ കയറിപ്പറ്റിയ മനീഷ് പാണ്ഡെയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് സോഷ്യല്‍മീഡിയ ഒന്നാകെ. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായുള്ള രണ്ട് ഏകദിനങ്ങള്‍ക്കുള്ള പതിനാലംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിലേക്ക് ആദ്യമായി റിഷഭ് പന്തിനു സ്ഥാനം ലഭിച്ചു.

ഇതോടൊപ്പമാണ് മധ്യനിര ബാറ്റ്സ്മാനായ മനീഷ് പാണ്ഡെയെയും ടീമിലേക്കെടുത്തത്. എന്നാല്‍ ഈ താരത്തെ ടീമിലെടുത്തത് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. എന്തു പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷിനെ ടീമിലെടുത്തതെന്നും ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നു.

കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരെ എട്ടു റണ്‍സും ശ്രീലങ്കക്കെതിരെ രണ്ട് റണ്‍സുമായിരുന്നു മനീഷിന്റെ സമ്പാദ്യം. മനീഷ് പാണ്ഡേക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുക്കാമായിരുന്നു എന്നാണ് മറ്റൊരു അഭിപ്രായം.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ ബന്ധുവാണോ മനീഷെന്നും ടീമിലുള്‍പ്പെടുത്താനായി ബിസിസിഐയ്ക്ക് താരം കാശ് കൊടുക്കുന്നുണ്ടോ എന്നുമാണ് ആരാധകരുടെ ട്വീറ്റുകള്‍.

Exit mobile version