ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം കെന്റോ മൊമൊട്ടയ്ക്ക് വാഹനാപകടത്തിൽ പരിക്ക്; കാത്തിരുന്ന ഒളിമ്പിക്‌സ് നഷ്ടമായേക്കുമെന്ന് ഭയം

ക്വലാലംപുർ: ലോക ചാമ്പ്യൻഷിപ്പുകളിൽ എല്ലാം കിരീടം നേടി ഒളിമ്പിക്‌സ് മെഡലും സ്വന്തമാക്കി ചരിത്ര താരമാകാൻ കൊതിച്ച ജപ്പാന്റെ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം കെന്റോ മൊമൊട്ടയ്ക്ക് ക്വലാലംപുരിൽ വെച്ച് വാഹനാപകടത്തിൽ പരിക്ക്. നിലവിലെ ലോക ബാഡ്മിന്റൺ പുരുഷ വിഭാഗം ചാമ്പ്യനുമാണ് കെന്റോ. മലേഷ്യ മാസ്റ്റേഴ്‌സിൽ കിരീടം നേടി മണിക്കൂറുകൾക്കകം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് താരം സഞ്ചരിച്ചിരുന്ന വാൻ ലോറിയുടെ പിന്നിലിടിച്ച് അപകടമുണ്ടായത്. വാനിന്റെ ഡ്രൈവർ മരിച്ചു. താരത്തിന്റെ അസിസ്റ്റന്റ് കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, ബാഡ്മിന്റൺ ഒഫീഷ്യൽ എന്നിവർക്കും പരിക്കുണ്ട്.

മൊമോട്ടയുടെ മൂക്കിന് സാരമായി പരിക്കേറ്റെന്നും മുഖത്ത് മുറിവുകളുമുണ്ടെന്നുമാണ് റിപ്പോർട്ട്. 25 വയസ്സുള്ള താരം പുത്രജയ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തുവരുന്നതായി മലേഷ്യൻ കായികമന്ത്രി സയദ് സാദിഖ് അറിയിച്ചു. ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്‌സിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലായിരുന്ന താരത്തിന് അപകടം തിരിച്ചടിയായേക്കും. 2019 മൊമോട്ടയുടേതായിരുന്നു. ലോകചാമ്പ്യൻഷിപ്പും ഓൾ ഇംഗ്ലണ്ട് ഓപ്പണും ഉൾപ്പെടെ 11 കിരീടങ്ങൾ നേടി അദ്ദേഹം റെക്കോഡിട്ടു. ഒരു സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരമായി.

കെന്റോ മൊമോട്ടയുടെ കരിയറിൽ ഇനിയും ലഭിക്കാത്ത ഒരു പ്രധാന കിരീടം മാത്രമേയുള്ളൂ, അത് ഒളിമ്പിക് സ്വർണ്ണമാണ്. അത് കൈയ്യെത്തും ദൂരെ നിൽക്കെയാണ് താരം അപകടത്തിൽപ്പെട്ടതും. മലേഷ്യ മാസ്റ്റേഴ്‌സിൽ ഡെൻമാർക്കിന്റെ വിക്ടോർ അക്‌സെൽസണിനെ തോൽപ്പിച്ചാണ് മൊമോട്ട ചാമ്പ്യനായത്. കിരീടവിജയത്തോടെ 2020 സീസൺ തുടങ്ങാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയായിരുന്നു തിങ്കളാഴ്ച പുലർച്ചയോടെ അപകടമെത്തിയത്. സാവധാനം പോവുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു. വാനിന്റെ മുൻഭാഗം തകർന്നു. എന്നാൽ, പിൻഭാഗത്തിന് കാര്യമായ ആഘാതമേറ്റില്ല. ഇതാണ് താരത്തിന്റെയും കൂടെയുള്ളവരുടെയും ജീവൻ രക്ഷിച്ചത്.

Exit mobile version