സമനിലയില്‍ നിന്ന് രക്ഷയില്ലാതെ ബ്ലാസ്റ്റേഴ്സ്: സ്‌കോര്‍ 1-1

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ ഒന്‍പതാം മല്‍സരത്തിലും സമനിലക്കുരുക്കില്‍ നിന്ന് രക്ഷയില്ലാതെ ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനിലയില്‍ കുരുക്കിയിട്ടത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം സമനിലയാണിത്.

ആദ്യപകുതിയില്‍ മുന്നിലെത്തിയ ശേഷമായിരുന്നു രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നാണ് പിറന്നത്. 41ാം മിനുറ്റിലാണ് ഒഗ്ബെച്ചയെ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബാഷിഷ് വീഴ്ത്തിയതിന് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുന്നത്. പെനല്‍റ്റിയെടുത്ത ഒഗ്ബച്ചെ അടിച്ചഭാഗത്തേക്ക് ഗോളി ചാടിയെങ്കിലും പന്ത് വല കുലുക്കി.

അമ്പതാം മിനുറ്റിലായിരുന്നു സമനിലഗോള്‍. സത്യാസെന്‍ സിങ്ങിന്റെ ഹെഡറിനിടെ ബോക്സില്‍ വെച്ച് പന്ത് കയ്യില്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു റഫറി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ റഫറിയുടെ ഈ തീരുമാനം തെറ്റാണെന്ന് പിന്നീട് വീഡിയോ റീപ്ലേയില്‍ തെളിഞ്ഞു. കിട്ടിയ അവസരം മുതലാക്കി അസമാവോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനില നേടാന്‍ സഹായിക്കുകയും ചെയ്തു.

ഇതോടെ പത്ത് കളികളില്‍ നിന്നും അഞ്ച് സമനിലയും നാല് തോല്‍വിയും ഒരു ജയവുമായി എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സി മാത്രമാണ് കേരള ടീമിനേക്കാള്‍ താഴെയുള്ളത്. നിലവിലെ ഫോമില്‍ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്. ഒമ്പത് കളികളില്‍ നിന്ന് 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്താണുള്ളത്.

Exit mobile version