റെക്കോർഡുകളുടെ തോഴർ; ഓസീസ് ക്രിക്കറ്റിനെ അമ്പരപ്പിച്ച് വാർണറും ലബുഷെയ്‌നും; മുന്നൂറടിച്ച് വാർണർ

അഡ്‌ലെയ്ഡ്: ഡേ-നൈറ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കൂട്ടുകെട്ട് തീർത്ത് അമ്പരപ്പിച്ച് ഡേവിഡ് വാർണറും മാർനെസ് ലബുഷെയ്‌നും. ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിൽ നടക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലാണ് റെക്കോഡുകൾ പലതും വഴിമാറുന്നത്. ഡേവിഡ് വാർണർ ട്രിപ്പിൾ സെഞ്ച്വറി അടിച്ചതിനൊപ്പം 361റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയായും വാർണർ വിസ്മയിപ്പിച്ചു. സ്റ്റീവ് സ്മിത്ത് അതിവേഗത്തിൽ 7000 റൺസ് തികച്ചതും ഓസീസിന് മറ്റൊരു പൊൻതൂവലായി.

ഓസീസ്-പാക് ടെസ്റ്റ് മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായത് രണ്ടാം വിക്കറ്റിലെ ഡേവിഡ് വാർണർ-മാർനസ് ലബുഷെയ്ൻ കൂട്ടുകെട്ടിന്റെ പ്രകടനം തന്നെയാണ്. 361 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ട് പണിതുയർത്തിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

ഡേ-നൈറ്റ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോഡും, അഡ്‌ലെയ്ഡിലെ ഏറ്റവുമുയർന്ന കൂട്ടുകെട്ട്, സ്വന്തം നാട്ടിൽ ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്, ഓസ്‌ട്രേലിയിൽ ഏതു ടീമിന്റെയും ഏറ്റവുമുയർന്ന കൂട്ടുകെട്ട്, ഓസീസ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്, പാകിസ്താനെതിരേ ഒരു ടീമിന്റെ ഏറ്റവുമുയർന്ന രണ്ടാമത്തെ മികച്ച കൂട്ടുകെട്ട് എന്നീ റെക്കോർഡുകളും ഈ സഖ്യം സ്വന്തമാക്കി.

238 പന്തിൽ നിന്ന് 22 ബൗണ്ടറികളടക്കം 162 റൺസെടുത്ത ലബുഷെയ്‌നിനിനെ ഓസീസ് സ്‌കോർ 369ൽ നിൽക്കെ ഷഹീൻ അഫ്രിദി പുറത്താക്കുകയായിരുന്നു. എന്നാൽ തകർത്തടിച്ച് മുന്നേറിയ വാർണർ 418 പന്തിൽ നിന്ന് ഒരു സിക്‌സും 39 ബൗണ്ടറികളുമടക്കം 335 റൺസോടെ പുറത്താകാതെ നിന്നു. ടെസ്റ്റിൽ ഒരു ഓസീസ് താരത്തിന്റെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്‌കോറാണ് വാർണറുടേത്. സിംബാബ്‌വെയ്‌ക്കെതിരെ 380 റൺസെടുത്ത മാത്യു ഹെയ്ഡനാണ് ഒന്നാമത്.

Exit mobile version