ലോകകപ്പ് യോഗ്യത: ഇന്ത്യാ-ബംഗ്ലാദേശ് മത്സരം സമനിലയില്‍

കൊല്‍ക്കത്ത: 2022 ഫുട്ബോള്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് ബംഗ്ലാദേശ്. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശ് 1-1നാണ് ഇന്ത്യയെ സമനിലയില്‍ പിടിച്ചത്.

ബംഗ്ലാദേശ് ആണ് മല്‍സരത്തില്‍ ആദ്യം ലീഡ് നേടിയത്. 42ാം മിനിറ്റില്‍ സാദ് ഉദ്ദീന്‍ ആണ് ബംഗ്ലാദേശിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഫ്രീ കിക്കില്‍ നിന്നും വന്ന ഒരു ക്രോസ് സ്വന്തമാക്കുന്നതില്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് പരാജയപ്പെടുകയായിരുന്നു. ഈ അവസരത്തിലാണ് ഹെഡറിലൂടെ സാദ് ഉദ്ദീന്‍ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഇന്ത്യന്‍ നിര പാടെ തകര്‍ന്നിരുന്നു. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ പിറകോട്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ അറ്റാക്കിങിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് 89ാം മിനിറ്റില്‍ ഒരു കോര്‍ണറിലൂടെ ആദില്‍ ഖാന്‍ ഇന്ത്യയ്ക്കായി ആശ്വാസ ഗോള്‍ നേടി.

ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ മാത്രമേ ലോകകപ്പ് യോഗ്യത നേടൂ എന്നിരിക്കെ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ടു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
ഖത്തര്‍ ഒന്നാമതും ഒമാന്‍ രണ്ടാമതുമാണ്. അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തുമാണ്.

Exit mobile version