ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ‘ദാദ’ നയിക്കും; ഗാംഗുലി ബിസിസിഐ അധ്യക്ഷനാകും; അമിത് ഷായുടെ മകൻ സെക്രട്ടറിയാകും

മുംബൈ: ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി എത്തിയേക്കും. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ ഗാംഗുലിക്കെതിരെ മൽസരിക്കാൻ മറ്റാരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല. ഇതോടെ സൗരവ് ഗാംഗുലി തന്നെ ബിസിസിഐ പ്രസിഡന്റാകും എന്നാണ് സൂചന.

അതേസമയം, ഈ തീരുമാനത്തിൽ തൃപ്തനല്ലാത്ത മുൻ പ്രസിഡന്റ് എൻ ശ്രീനിവാസന്റെ പിന്തുണയോടെ ബ്രിജേഷ് പട്ടേൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ബിസിസിഐ അംഗങ്ങളുടെ കൂടിക്കാഴ്ചയിൽ ബ്രിജേഷ് പട്ടേലിനെ ഐപിഎൽ ഗവേണിങ് കൗൺസിലിന്റെ ചെയർമാനായി നിയമിക്കാൻ തീരുമാനിച്ചതോടെ ഗാംഗുലിക്ക് എതിരാളികളാരും ഇല്ലെന്ന് ഉറപ്പായി.

കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയും അരുൺ സിങ് താക്കൂർ ട്രഷററുമാകും. ബിസിസിഐയിൽ കെസിഎയ്ക്കും അംഗീകാരം. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് ബിസിസിഐ ജോയിന്റ് സെക്രട്ടറി ആകും.

Exit mobile version