സാനിയാ മിര്‍സയെ പി ടി ഉഷയാക്കി ദേശീയ കായിക ദിനാഘോഷത്തിന്റെ പോസ്റ്റര്‍: വിവാദത്തിലായി ആന്ധ്ര സര്‍ക്കാര്‍

അമരാവതി: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററില്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ചിത്രത്തിന് താഴെ അത്ലറ്റ് പിടി ഉഷയുടെ പേര് നല്‍കി വിവാദത്തിലായി ആന്ധ്ര സര്‍ക്കാര്‍. ചിത്രത്തിനുതാഴെ പി ടി ഉഷ, ‘പത്മഭൂഷന്‍, പത്മശ്രീ, അര്‍ജ്ജുന അവാര്‍ഡ്’ എന്നാണ് അച്ചടിച്ചിരുന്നത്.

2014 മുതല്‍ ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയവരെ ആദരിക്കുന്ന ചടങ്ങിന്റെ പോസ്റ്ററിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. ഫ്‌ലക്‌സിന്റെ ചിത്രം പ്രചരിച്ചതോടെ ആന്ധ്ര സര്‍ക്കാര്‍ വരുത്തിയ വന്‍ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പരിഹാസങ്ങളും വിമര്‍ശനങ്ങളും വേണ്ടുവോളം ഉയര്‍ന്നു.

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപം സ്ഥാപിച്ച ഫ്‌ലക്‌സില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായികമന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവുമുണ്ട്. സംഭവം വിവാദമായതോടെ പരിപാടി മാറ്റിവെച്ചു.

Exit mobile version