നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു : ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി ലിങ്ക്ഡ് ഇന്‍

ബെയ്ജിങ് : ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി മൈക്രോസോഫ്റ്റിന്റെ തൊഴിലധിഷ്ഠിത സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ് ഇന്‍. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് തീരുമാനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതിന് പകരം ജോലിക്ക് അപേക്ഷിക്കുന്നതിന് മാത്രമായുള്ള പ്രത്യേക ആപ്ലിക്കേഷനായ ഇന്‍ജോബ്‌സ് ചൈനയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൈക്രോസോഫ്റ്റ്. എന്നാല്‍ ലിങ്ക്ഡ് ഇനിലെ പോലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇതില്‍ ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹക് ഷ്‌റോഫ് പറഞ്ഞു.

2014ലാണ് ലിങ്ക്ഡ് ഇന്‍ ചൈനയില്‍ ആരംഭിച്ചത്. വ്യക്തിപരമായും തൊഴില്‍പരമായുള്ള സൗഹൃദവും ബന്ധവും വളര്‍ത്തുകയും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇനിന്റെ പ്രവര്‍ത്തനം.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ചൈനയില്‍ സ്വകാര്യ ടെക് കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഒരു ദശാബ്ദക്കാലമായി ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും രാജ്യത്ത് നിരോധനമുണ്ട്. നിയന്ത്രണങ്ങള്‍ അതിര് കടന്നതോടെ 20210ല്‍ ഗൂഗിളും രാജ്യം വിട്ടിരുന്നു.നിലവില്‍ ലിങ്ക്ഡ് ഇന്‍ സൈറ്റിലെ ഉള്ളടക്കങ്ങള്‍ പുനപരിശോധിക്കാന്‍ സമയപരിധി നല്‍കിയിരിക്കുകയാണ് ചൈനീസ് അധികൃതര്‍.

Exit mobile version