നീല്‍ ആസ്‌ട്രോങും ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയത് അമേരിക്കയുടെ തട്ടിപ്പോ? നാസയുടെ ചാന്ദ്രദൗത്യത്തിന്റെ യാഥാര്‍ഥ്യം തേടി റഷ്യ

മോസ്‌കോ: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത് മാനവരാശിക്ക് അഭിമാനിക്കാനുള്ള ശാസ്ത്ര വിജയമാണ്. 1969 ജൂലൈ 20ന് നീല്‍ ആസ്‌ട്രോങും ബസ് ആല്‍ഡ്രിനും ആദ്യമായി ചന്ദ്രനിലിറങ്ങിയെന്നാണ് നാസ അവകാശപ്പെടുന്നത്. അതേസമയം, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നത് അമേരിക്ക നടത്തിയ നാടകമോ? എന്ന ചോദ്യം ഏതാണ്ട് ആറുപതിറ്റാണ്ടോളമായി ശാസ്ത്രലോകത്ത് ഉയരുന്നുമുണ്ട്.

എന്നാലിപ്പോള്‍ ചൂടാറാത്ത ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് റഷ്യയും അവരുടെ ബഹിരാകാശ ഏജന്‍സിയും.
റഷ്യയുടെ ചാന്ദ്രദൗത്യത്തില്‍ അമേരിക്കന്‍ യാത്രികര്‍ ചന്ദ്രനിലിറങ്ങിയോ എന്നകാര്യവും പരിശോധിക്കുമെന്ന് ഒരു ചെറുചിരിയോടെയാണ് റോസ്‌കോസ്മോസ് (റഷ്യന്‍ ബഹിരാകാശ ഏജന്‍സി) തലവന്‍ ദിമിത്രി റൊഗോസിന്‍ പറഞ്ഞത്. നാസയുടെ യാത്രികര്‍ ചന്ദ്രനിലിറങ്ങിയെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് റോഗോസിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചാന്ദ്ര ദൗത്യത്തിനെതിരായ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വലിയ തോതില്‍ പ്രചാരം ലഭിച്ചിട്ടുള്ള രാജ്യമാണ് റഷ്യ.

നാസയുടെ ചാന്ദ്രദൗത്യം പൊള്ളയാണെന്നും അന്ന് സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്താന്‍ വേണ്ടി അരങ്ങേറിയ നാടകമാണെന്നും പറയുന്നു. ഇതിന് നിരവധി തെളിവുകളാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ചാന്ദ്ര യാത്രയിലെ ഫോട്ടോ നിരത്തി പാറിപ്പറക്കുന്ന അമേരിക്കയുടെ പതാക മുതല്‍ ചന്ദ്രന്റെ ഘടനവരെ ഇവര്‍ ചന്ദ്രനിലെത്തിയിട്ടില്ല എന്ന വാദത്തിന് ആക്കം കൂട്ടുന്നു.

ചന്ദ്രനില്‍ ആദ്യമായി എത്തിയ റെക്കോഡ് സോവിയറ്റ് യൂണിയനാണ്. 1959 സെപ്തംബര്‍ 13നായിരുന്നു ലൂണ 2 വിജയകരമായി ചന്ദ്രനിലിറങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായി നാല് പരീക്ഷണ റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടതോടെ 1970കളുടെ പകുതിയില്‍ സോവിയറ്റ് യൂണിയന്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ഇതേസമയം നാസയുടെ യാത്രികര്‍ ചന്ദ്രനിലിറങ്ങിയത് യുഎസ്എസ്ആറിനെ ഞെട്ടിച്ചിരുന്നു.

അമേരിക്കയുടെ ചന്ദ്രനിലിറങ്ങിയെന്ന അവകാശവാദം പരിശോധിക്കുമെന്ന് നേരത്തെ 2015ലും റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റിയുടെ വക്താവ് പറഞ്ഞിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത് നാടകമാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ നടത്തിയ പല സര്‍വേകളിലും പത്ത് ശതമാനത്തോളം പേര്‍ നാസയുടെ മനുഷ്യ ചാന്ദ്ര ദൗത്യത്തെ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഈ ഗൂഢാലോചനാ സിദ്ധാന്തത്തെക്കുറിച്ച് ഫോക്സ് ടെലിവിഷന്‍ ഒരു പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അമേരിക്കയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ഷങ്ങള്‍ കൂടും തോറും കൂടിവരികയാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. ബ്രിട്ടനില്‍ 2009ല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം 25 ശതമാനം പേരും ചന്ദ്രനില്‍ കാലുകുത്തിയത് വിശ്വസിക്കുന്നില്ല. റഷ്യയിലാകട്ടെ അമേരിക്കയെ അവിശ്വസിക്കുന്നവരുടെ എണ്ണം 28ശതമാനം വരും.

Exit mobile version