കുവൈറ്റില്‍ ഒരു ദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ വെള്ളം കയറി ഒരാള്‍ മരിച്ചു; തൊട്ടുപിന്നാലെ രാജിവെച്ച് പൊതുമരാമത്ത് മന്ത്രി!

ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് താന്‍ രാജി വെയ്ക്കുന്നതെന്ന് മന്ത്രി പറയുന്നു.

കുവൈറ്റ് സിറ്റി: ഒരു ദിവസം മുഴുവനും തോരാതെ പെയ്ത മഴയില്‍ ജനങ്ങള്‍ക്കുണ്ടായ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രി രാജിവെച്ചു. പൊതുമരാമത്ത് -മുനിസിപ്പല്‍ മന്ത്രി ഹൊസാം അല്‍-റൌമിയാണ് രാജിവെച്ചത്. കനത്ത മഴയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി രാജി സമര്‍പ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിച്ച മഴ വെള്ളിയാഴ്ച രാത്രിയോളം നിര്‍ത്താതെ പെയ്യുകയായിരുന്നു.

ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് താന്‍ രാജി വെയ്ക്കുന്നതെന്ന് മന്ത്രി പറയുന്നു. ഫഹഹീലില്‍ കെട്ടിടത്തിലേക്കു വെള്ളം കയറിയാണ് ഈജിപ്ഷ്യന്‍ സ്വദേശി മരിച്ചത്. കെട്ടിടത്തിന്റെ ബേസ് മെന്റില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. വീടുകളില്‍ പലതിലും വെള്ളം കയറി. ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും ഡ്രയിനേജ് സംവിധാനം താറുമാറായി. വാഹന ഗതാതവും തടസ്സപ്പെട്ടു.

ഫഹഹീല്‍ എക്‌സ്പ്രസ്സ് വേ, അഹമദി ഹൈവെ തുടങ്ങിയ പ്രധാന ഹൈവെകളില്‍ അവധി ദിനമായതിനാല്‍ താരതമ്യേന വാഹനങ്ങള്‍ കുറവായിരുന്നിട്ടു പോലും മണിക്കൂറുകളോളം ഗതാഗതം നിശ്ചലമായി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി പ്രദേശങ്ങളില്‍ വാഹനങ്ങളും ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രാണാതീതമാണ്.

Exit mobile version