പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്റില്‍ കൂടുതല്‍ നോക്കരുത്, അഥവാ നോക്കിയാല്‍ കടുത്ത ശിക്ഷ; പുതിയ നിയമത്തിന് അന്തിമ രൂപം നല്‍കി സൗദി

മറ്റുള്ളവരോടുള്ള പെരുമാറ്റം, സംസാരം, വസ്ത്രധാരണ, പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയാണ് പുതിയ നിയമത്തില്‍ പ്രധാനമായും പറയുന്നത്.

റിയാദ്: പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്റില്‍ കൂടുതല്‍ നോക്കി നിന്നാല്‍ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരും. ഈ നിയമത്തിന് അന്തിമ രൂപം നല്‍കിയിരിക്കുന്നത് സൗദിയാണ്. അധികം വൈകാതെ തന്നെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയില്‍ പൊതുസ്ഥലങ്ങളിലെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ടാണ് പുതിയ നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്.

മറ്റുള്ളവരോടുള്ള പെരുമാറ്റം, സംസാരം, വസ്ത്രധാരണ, പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയാണ് പുതിയ നിയമത്തില്‍ പ്രധാനമായും പറയുന്നത്. രാജ്യത്തിന്റെയും മതത്തിന്റെയും സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലായിരിക്കണം പൊതുസ്ഥലങ്ങളില്‍ പെരുമാറേണ്ടത് എന്നാണ് ഏവര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.

ടൂറിസം വകുപ്പുമായി ചേര്‍ന്നു സൗദി ആഭ്യന്തര മന്ത്രാലയം പുതിയ നിയമവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തയ്യാറാക്കി വരികയാണ്. പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്ട്സ്, ബനിയന്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. മാന്യമല്ലാത്തതോ അസാധാരനമായതോ ആയ രീതിയില്‍ മുടി വെട്ടാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്.

തെറ്റായ രീതിയില്‍ ആംഗ്യം കാണിക്കുക, അറിയാത്തവരുടെ മുഖത്തേക്ക് അഞ്ചു സെക്കന്റില്‍ കൂടുതല്‍ നോക്കി നില്‍ക്കുക, മാന്യമല്ലാത്ത എഴുത്തുകളോ ചിത്രങ്ങളോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക, മറ്റുള്ളവരെ അപമാനിക്കുക, ഇകഴ്ത്തുക, ബഹുമാനിക്കാതിരിക്കുക തുടങ്ങിയവ പുതിയ നിയമത്തില്‍ ശിക്ഷാര്‍ഹമായിരിക്കും. നിയമലംഘകര്‍ക്ക് 5000 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് ലഭിക്കുന്ന വിവരം. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച ഒരു ബോധവല്‍ക്കരണവും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version