വിമാനം കയറുന്നതിനു മുന്‍പേ ഒന്നല്ല, ഒരായിരം വട്ടം ചിന്തിക്കണം, പറയുന്ന ജോലിയെ കുറിച്ച് അറിവുണ്ടാകണം; അജ്മാനിലെ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ടുപോയ മലയാളി യുവതികള്‍ പറയുന്നു

അടൂര്‍ സ്വദേശിയായ ഒരു യുവാവ് ആണ് സന്ദര്‍ശക വിസ തന്ന് കബളിപ്പിച്ചതെന്ന് അവര്‍ പറയുന്നു.

ഷാര്‍ജ: ‘ഇനി ആര്‍ക്കും ഞങ്ങളുടെ ഗതി വരരുത്, വിമാനം കയറുന്നതിനു മുന്‍പേ രണ്ടു വട്ടം ചിന്തിക്കണം, പറഞ്ഞ ജോലിയെ കുറിച്ച് കൃത്യമായ അറിവുണ്ടാകണം’ ഇത് അജ്മാനിലെ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ടുപോയ രണ്ട് മലയാളി യുവതികളുടെ വാക്കുകളാണ്. ഇത് തങ്ങളുടെ ഉപദേശമല്ല, മറിച്ച് ജീവിതത്തില്‍ നിന്ന് പഠിച്ച പാഠമാണെന്ന് യുവതികള്‍ നിറകണ്ണുകളോടെ പറയുന്നു.

കൊല്ലം ജില്ലക്കാരായ രണ്ട് സ്ത്രീകളാണ് സന്ദര്‍ശകവിസയിലെത്തി അജ്മാനിലെ പെണ്‍വാണിഭ സംഘത്തില്‍ പെട്ടുപോയത്. മറ്റൊരു മലയാളിയുടെ സഹായത്തോടെയാണ് ഇരുവരും രക്ഷപ്പെട്ടത്. ശേഷം ഇവര്‍ ഷാര്‍ജയിലെത്തി. അടൂര്‍ സ്വദേശിയായ ഒരു യുവാവ് ആണ് സന്ദര്‍ശക വിസ തന്ന് കബളിപ്പിച്ചതെന്ന് അവര്‍ പറയുന്നു. തങ്ങളുടെ കൈയ്യില്‍ നിന്നും 85,000 രൂപ വാങ്ങിയെന്നും ഇവരുവരും വെളിപ്പെടുത്തി.

കബളിക്കപ്പെട്ടതിനെ കുറിച്ച് യുവതികള്‍ പറയുന്നത് ഇങ്ങനെ;

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ബസ് അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്താണ് വിസ നല്‍കിയത്. രണ്ടുപേരോടും 85,000 രൂപ വീതം വാങ്ങി. ഷാര്‍ജയിലെത്തിയ ഇരുവരെയും അപരിചിതനായ ഒരാള്‍ വന്ന് അജ്മാനിലേക്ക് കൊണ്ടുപോയി. ഒരു മലയാളിസ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഇരുവരോടും മുറിയില്‍ പോയി വിശ്രമിക്കാനാവശ്യപ്പെട്ട സ്ത്രീ രണ്ടുദിവസം കഴിഞ്ഞ് ജോലിക്കു പോകാമെന്നും പറഞ്ഞു.

മുറിയിലെത്തിയപ്പോഴാണ് പെണ്‍വാണിഭ സംഘത്തിലേക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലായത്. സമാനരീതിയില്‍ പെട്ടുപോയ മലയാളികളടക്കമുള്ള മറ്റ് യുവതികളും അവിടെ ഉണ്ടായിരുന്നു. വീട്ടുതടങ്കലിലായെന്നും വാതില്‍ പുറത്തുനിന്ന് പൂട്ടുകയാണ് പതിവെന്നും മനസ്സിലായി. ഒടുവില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് ഷാര്‍ജയിലെത്തുകയായിരുന്നു.

Exit mobile version