അന്ന് മുംബൈ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു; ഇപ്പോള്‍ കൊളംബോ സ്‌ഫോടനത്തില്‍ നിന്നും; മതഭീകരതയ്ക്ക് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ദമ്പതികള്‍

ഏപ്രില്‍ 21ന് നടന്ന ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തിനും 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനും നവ്‌രൂപ് സാക്ഷിയായിരുന്നു.

ദുബായ്: മതഭീകരതയ്ക്ക് രണ്ട് തവണ സാക്ഷ്യം വഹിച്ചെന്നും രണ്ടുതവണയും രക്ഷപ്പെട്ടെന്നും ആശ്വാസത്തോടെ പറയുകയാണ് ദുബായിയില്‍ താമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ അഭിനവ് ചാരിയും ഭാര്യ നവ്‌രൂപ് കെ ചാരിയും. ഏപ്രില്‍ 21ന് നടന്ന ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തിനും 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനും നവ്‌രൂപ് സാക്ഷിയായിരുന്നു. സ്‌ഫോടനം നടന്ന കൊളംബോയിലെ സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു ഈ ദമ്പതികള്‍ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യത്തിനുവേണ്ടിയാണ് ഇരുവരും ശ്രീലങ്കയിലെത്തിയത്.

യുഎഇക്ക് പുറത്ത് യാത്ര ചെയ്ത രണ്ടുതവണയും മതഭീകരതക്ക് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് നവ്‌രൂപിന്റെ വാക്കുകള്‍. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് പഠനത്തിന്റെ ഭാഗമായാണ് ഇവര്‍ മുംബൈയിലുണ്ടായിരുന്നത്. ‘ഭീകരമായ ആറ് ദിവസങ്ങളായിരുന്നു അത്’-എന്നാണ് ആക്രമണത്തെ കുറിച്ച് നവ്‌രൂപ് പറയുന്നത്.

ഈസ്റ്റര്‍ ഞായറാഴ്ച പള്ളിയില്‍ പോയ ഇരുവരും പ്രാര്‍ത്ഥനയ്ക്ക് ഇടയില്‍ പള്ളിയില്‍ നിന്ന് എല്ലാവരോടും പുറത്തുപോകാന്‍ പുരോഹിതന്‍ ആവശ്യപ്പെട്ടതോടെയാണ് പുറത്തേക്കിറങ്ങുന്നത്. പ്രഭാത ഭക്ഷണം കഴിക്കാനായി മുന്നോട്ട് നീങ്ങുമ്പോഴാണ് റോഡില്‍ മുഴുവന്‍ ബഹളം ശ്രദ്ധിച്ചത്.ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതും കണ്ടെങ്കിലും എന്താണെന്ന് ഇരുവര്‍ക്കും മനസിലായിരുന്നില്ല. തിരികെ ഹോട്ടലിലേക്ക് പോയപ്പോള്‍ ഹോട്ടലിന് പുറത്ത് എല്ലാവരും കൂടിനില്‍ക്കുന്നതാണ് കണ്ടത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള എന്തെങ്കിലും നടപടിയാണെന്നാണ് ആദ്യം കരുതിയതെന്ന് നവ്‌രൂപ് പറയുന്നതിങ്ങനെ. ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ നിന്നും കഷ്ടിച്ചാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയയോ വാര്‍ത്തകളോ ഒന്നും അതുവരെ ഇരുവരും കണ്ടിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അപ്പോഴും മനസ്സിലായിരുന്നില്ല. ഞങ്ങള്‍ക്ക് മുന്നിലാണ് ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നത്. സിനിമ പോലെ തോന്നി എല്ലാം നവ്‌രൂപ് പറയുന്നു.

ശ്രീലങ്കയില്‍ ഒമ്പതോളം ഇടങ്ങളിലായി നടന്ന ചെറുതും വലുതുമായ സ്‌ഫോടനങ്ങളില്‍ ഇതുവരെ 253 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version