ഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമയായ എംഎ യൂസഫലിക്ക് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ആസ്ഥാനവും സ്വന്തം; കേരളത്തിനും അഭിമാനം

ദുബായ്: കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ എംഎ യൂസഫലി കേരളത്തിന് മാതൃകയും പ്രചോദനവുമാണ്. ഒരുകാലത്ത് ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് സ്വാതന്ത്ര്യാനന്തര കാലത്ത് അറിയാത്ത ആരുമുണ്ടാകില്ല. ഇന്ത്യാ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്നത്തെ ഉടമസ്ഥരില്‍ ഒരാള്‍ മലയാളി വ്യവസായിയായ എംഎ യൂസഫലിയാണെന്ന് അറിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്കൊപ്പം മലയാളികള്‍ക്കും അഭിമാനം തോന്നാതിരിക്കുന്നതെങ്ങനെ.

ഒട്ടേറെ ചരിത്രം പേറുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 20 ശതമാനം ഓഹരിയാണ് എംഎ യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. 2014ല്‍ 585 കോടിയോളം രൂപ മുടക്കിയാണ് ഓഹരി വാങ്ങിച്ചത്. ബ്രിട്ടണിലേക്കുള്ള യൂസഫലിയുടെ ചുവടുവെയ്പ്പിന്റെ തുടക്കവുമായിരുന്നു ഇത്. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹം പിന്നീട് വലിയൊരു ഹോട്ടല്‍ ശൃംഖല തന്നെ പടുത്തുയര്‍ത്തി. ബ്രിട്ടണിലെ ഒട്ടേറെ കമ്പനികള്‍ പിന്നീട് എംഎ യൂസഫലി ഏറ്റെടുക്കുകയും ചെയ്തു.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാകാന്‍ മറ്റൊരു നേട്ടം കൂടി യൂസഫലി കൈവരിച്ചിരിക്കുകയാണ്. ഹാരിപോര്‍ട്ടര്‍, സ്‌കൈഫാള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡ് ആരാധകര്‍ക്ക് ചിരപരിചിതമായ പ്രശസ്തമായ ബ്രിട്ടണിലെ സ്‌കോട്ട്‌ലാന്‍ഡ് യാഡിന്റെ പോലീസ് ആസ്ഥാന കെട്ടിടം ഇപ്പോള്‍ എംഎ യൂസഫലി ഏറ്റെടുത്ത് ഹോട്ടലായി പുതുക്കിയിരിക്കുകയാണ്. 2015ലായിരുന്നു ഈ ചരിത്രപരമായ ഏറ്റെടുക്കല്‍. 2017-18 കാലത്ത് ഏറ്റവും പ്രശസ്തമായ ഹോട്ടലായി ഈ കെട്ടിടം ചര്‍ച്ചയില്‍ ഉയരുകയും ചെയ്തു.

ഈ വര്‍ഷം തന്നെ ഈ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 110 മില്യണ്‍ പൗണ്ടിന് ഏറ്റെടുത്ത ഈ കെട്ടിടത്തില്‍ 153 റൂമുകളാണുള്ളത്. 685 കോടി മുടക്കിയാണ് ഈ ഹോട്ടലിനെ മൂന്നു വര്‍ഷം കൊണ്ട് പുതുക്കി പണിഞ്ഞിരിക്കുന്നത്. 7.8 ലക്ഷം രൂപ(10000 യൂറോ) വരെയാണ് ഈ ഹോട്ടലില്‍ ഒരു ദിവസം തങ്ങാനായി ചെലവഴിക്കേണ്ടി വരിക. എങ്കിലും സ്വപ്‌നതുല്യമായ ഒരു ദിനം ചെലവഴിക്കാന്‍ ജനങ്ങള്‍ തയ്യാറായി കൂട്ടത്തോടെ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

Exit mobile version