സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ജിദ്ദയില്‍ മുപ്പത് വര്‍ഷത്തിന് ശേഷം തീയ്യേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങി

അതേ സമയം തീയ്യേറ്ററിലെ മുഴുവന്‍ ജീവനക്കാരും സ്വദേശികളാണ്

ജിദ്ദ: മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജിദ്ദയില്‍ തീയ്യേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ പന്ത്രണ്ടോളം ഹാളിലായിട്ടാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. പ്രതികൂല കാലവസ്ഥയിലും നിരവധിയാളുകളാണ് ആദ്യ പ്രദര്‍ശനത്തിനെത്തിയത്.

ജനറല്‍ കമ്മീഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ മീഡിയ സിഇഒ ബദര്‍ അല്‍ സഹ്റാനിയാണ് ജിദ്ദയിലെ ആദ്യ സിനിമാ തീയ്യേറ്റര്‍ ഉദ്ഘാടനം ചെയ്തത്. രാവിലെ 9 മണിമുതല്‍ രാത്രി 12 മണിവരെയാണ് പ്രദര്‍ശനം. ഇന്ന് മുതല്‍ ഒരാഴ്ച വോക്സ് സിനിമാസിന്റെ വെബ് സൈറ്റ് വഴി മാത്രമേ ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. അടുത്ത ആഴ്ച മുതല്‍ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റുകള്‍ നേരിട്ട് ലഭിക്കും. 50, 70, 85, 100 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

അതേ സമയം തീയ്യേറ്ററിലെ മുഴുവന്‍ ജീവനക്കാരും സ്വദേശികളാണ്. റെഡ് സീ മാളില്‍ പ്രതിവര്‍ഷം 300 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഓരോ ആഴ്ചയിലും ചുരുങ്ങിയത് ആറ് പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തും.

കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ തീയ്യേറ്ററുകള്‍ക്ക് അനുവദി നല്‍കിയത്. കഴിഞ്ഞ ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ തീയ്യേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ജിദ്ദ ഗവര്‍ണറേറ്റില്‍ ആകെ 65 തീയ്യേറ്ററുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ആറെണ്ണത്തിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. മാര്‍ച്ചിന് മുന്‍പായി റെഡ് സീ മാളില്‍ ആകെ പന്ത്രണ്ടോളം സ്‌ക്രീനുകള്‍ സജ്ജീകരിക്കാനാണ് പദ്ധതി.

Exit mobile version