‘അവര്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ല! ആ വാര്‍ത്ത തെറ്റ്; സത്യാവസ്ഥ മറ്റൊന്നാണെന്ന് അജ്മാന്‍ പോലീസ്

സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉക്കാസ് എന്ന മാധ്യമ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലാണ് ഈ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.

അജ്മാന്‍: രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനവിരുദ്ധമാണെന്ന് അജ്മാന്‍ പോലീസ്. സത്യാവസ്ഥ മറ്റൊന്നാണെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകള്‍ എത്തിയത്. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉക്കാസ് എന്ന മാധ്യമ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലാണ് ഈ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്ന് മനസിലാക്കിയ യുവതി അജ്മാനില്‍ രണ്ട് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. എന്നാല്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത് പോലുള്ള ഒരു സംഭവം അജ്മാനില്‍ എവിടെയും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അജ്മാന്‍ പോലീസ് പറയുന്നു.

അതേസമയം തങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ഉക്കാസ് അറിയിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് നിഗമനം. ആത്മഹത്യ ചെയ്ത സ്ത്രീയുടെയും ഭര്‍ത്താവിന്റെയും ‘പേരുകള്‍’ സഹിതമാണ് വ്യാജ വാര്‍ത്ത തയ്യാറാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. സംഭവം യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും വ്യാജ വാര്‍ത്തയുടെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version