പ്രവാസികൾക്ക് വോട്ടവകാശവും പുനരധിവാസവും പെൻഷനും വേണം, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണം; പ്രവാസികളും കുടുംബങ്ങളും പ്രക്ഷോഭത്തിലേക്ക്

ദുബായ്: പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളെ അവഗണിക്കുന്ന ഭരണകൂടത്തിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി പ്രവാസികളും കുടുംബങ്ങളും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായെങ്കിലും പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രകടന പത്രികയിൽ പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഉൾപ്പെടുത്തണമെന്നുമാണ് പ്രവാസി സംഘടനയായ ഭാരതീയ പ്രവാസി ഫെഡറേഷൻ ആവശ്യപ്പെടുന്നത്.

പ്രധാനമായും 5 കാര്യങ്ങൾ ഉന്നയിച്ചാണ് ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രതിനിധികളായ കെ കെ ഷിഹാബ്,ഡോ. അനൂപ് തോമസ് അലക്‌സ്, തോമസ് ജോൺ തുടങ്ങിയവർ മാധ്യമങ്ങളെ കണ്ടത്. വോട്ടവകാശം അനുവദിക്കുക, പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക, സീസൺ സമയത്തെ ആകാശക്കൊള്ള അവസാനിപ്പിക്കുക,പുനരധിവാസത്തോടൊപ്പം പെൻഷൻ അനുവദിക്കുക, എൻആർഐകൾക്ക് മാത്രമായി എൻആർഐ ഷെഡ്യൂൾഡ് ബാങ്ക് അനുവദിക്കുക.

30 മില്യണിൽ അധികം വരുന്ന ഇന്ത്യക്കാരാണ് പ്രവാസികളായി ലോകമെമ്പാടുമുള്ളത്. 2022 ൽ മാത്രം 111 ബില്യൺ ഡോളറാണ് ലോകത്തുനിന്നും ഇന്ത്യയിലേക്ക് ഒഴുകിയത്. ജിഎൻപിയുടെ കണക്കെടുത്താൽ 5%ത്തോളം വരും പ്രവാസികളുടെ വിദേശ നാണയത്തിന്റെ പങ്ക്. എന്നാൽ ഭരണഘടനാദത്തമായ ഭാരതീയ പൗരന്റെ മൗലിക അവകാശമായ വോട്ടവകാശം പോലും റദ്ദ് ചെയ്യപ്പെട്ടവരാണ് ഇന്ത്യൻ പ്രവാസികളെന്ന് ഭാരതീയ പ്രവാസി ഫെഡറേഷൻ ചൂണ്ടിക്കാണിച്ചു.

35 വർഷമായി ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ചൂഷണമാണ് സീസൺ സമയത്തെ വിമാന നിരക്കിന്റെ വർദ്ധനവ്. കൂടാതെ, പ്രവാസികളുടെ നിരന്തരമായ ആവശ്യമാണ് പ്രവാസികലുളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന അപേക്ഷ.

അറ്റസ്റ്റ്‌റ്റേഷനും, പാസ്‌പോർട്ട് പുതുക്കലിനും ഓരോ പ്രവാസി അപേക്ഷയോടൊപ്പം കമ്മ്യുണിറ്റി വെൽഫയറിനുവേണ്ടി പണം വാങ്ങുന്ന ഇന്ത്യൻ എംബസികൾ എന്നാൽ പ്രവാസി മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ യാതൊരുവിധ നേതൃത്വപരമായ പങ്കും വഹിക്കുന്നില്ല എന്നത് കനത്ത നിരുത്തരവാദിത്വമാണെന്ന് പത്രസമ്മേളനത്തിൽ ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.

മടങ്ങി വരുന്ന പ്രവാസികൾക്ക് ക്ഷേമ പെൻഷനുകളോ, പുനരധിവാസമോ ഇല്ല. കോവിഡാനന്തരം നടന്ന സാമ്പത്തിക മാന്ദ്യവും, തൊഴിൽ ഇടങ്ങളിലെ പിരിച്ചു വിടലും, ശമ്പളം വെട്ടിചുരുക്കലിനും ഇടയിൽ 2020 മെയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ വിമാന ടിക്കറ്റിന്റെ പരമാവധി നിരക്ക് പരിധി സെപ്റ്റംബറിൽ എടുത്തു കളഞ്ഞതോടെ കോവിഡിന് തൊട്ടുമുൻപുള്ളതിനെ അപേക്ഷിച്ചു 41%വരെ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനക്കൂലി വർധിപ്പിച്ചെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ഭാരതീയ പ്രവാസി ഫെഡറേഷൻ പറയുന്നു.

അതിജീവനത്തിനായി പ്രവാസ ലോകത്തെത്തിയ സാധരണക്കാരിൽ സാധരണക്കാരായവരുടെ യാത്രാ ദുരിതത്തിനോടൊപ്പം ഇക്കാലയളവിൽ കോവിഡ് മൂലം മരണപെട്ടവർക്ക് പ്രഖ്യാപിച്ച ധനസഹായം പോലും ലഭിക്കാൻ സുപ്രീം കോടതിയിൽ കേസ് നടത്തേണ്ട സാഹചര്യത്തിലാണ് പ്രവാസികൾ.

ALSO READ- മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല,ആരെയും കുറ്റപ്പെടുത്താനില്ല; മന്ത്രിയ്ക്ക് ജാതിയധിക്ഷേപം നേരിട്ടതില്‍ ക്ഷേത്രം തന്ത്രി

കോവിഡാനാന്തരം ലക്ഷക്കണക്കിന് പ്രവാസികളാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി ദയനീയാവസ്ഥയിൽ തുടരുന്നത്. പലരുടെയും ഭവനവായ്പകൾ മുടങ്ങി ജപ്തി ഭീഷണിയിലാണ്. ഇതുവരെ ഇവരെ തിരിഞ്ഞു നോക്കാൻ ഭരണകൂടങ്ങൾ തയ്യാറായിട്ടില്ല.

എത്രയോ കാലങ്ങളായി ഭരണകൂടം പ്രവാസികളുടെ കയ്യിൽ നിന്ന് പല രീതിയിൽ ശേഖരിച്ച് കൂട്ടുന്ന കോടിക്കണക്കിന് രൂപയുടെ പലിശക്കൊണ്ട് മാത്രം പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സമഗ്രമായ പ്രവാസി പെൻഷൻ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ നേതൃത്വം നൽകണം . പ്രവാസി ഭാരതീയ ഭീമായോജന ഇൻഷുറൻസ് പദ്ധതി ഇന്നും അവ്യക്തമായി തുടരുകയാണ്. അതിന്റെ പോരായ്മകൾ പരിഹരിച്ച് നടപ്പിലാക്കേണ്ടതുണ്ട്.

പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് അതത് രാജ്യങ്ങളിൽ ആവശ്യത്തിനുണ്ടെങ്കിലും നിർധനർക്ക് സഹായമായി കിട്ടാനില്ല . ഇന്ത്യൻ എംബസി, കോൺസുലേറ്റ് മുഖേന നടപ്പിലാക്കേണ്ട തുകയാണിത് . പ്രവാസികൾക്കുള്ള സാമ്പത്തിക സഹായത്തിനായി ഇന്ത്യൻ കമമ്യൂണിറ്റി വെൽഫയർ ഫണ്ടിൽ കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം 571.75 കോടി രൂപ ബാക്കിയുണ്ടെന്നാണ് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ് ലോകസഭയിൽ ചോദിച്ച ചോദ്യത്തിന് മറുടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി സഭയിൽ രേഖാമൂലം അറിയിച്ചത്.

ALSO READ- ‘വിപ്ലവസിംഹമേ, തോക്കിൻകുഴലുമായി വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’ വിമർശിച്ച് ഡിവൈഎഫ്‌ഐ

യുഎഇയിൽ മാത്രം 38.96 കോടി രൂപ ഉപയോഗിക്കാതെ കിടപ്പുണ്ട്. എന്നിട്ടും ഈ പണം കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല. യുഎഇ 2019-2023 കാലയളവിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 3.96 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്. കോവിഡ് കാലത്ത് മരിച്ച പ്രവാസി ഇന്ത്യക്കാരിൽ ആർക്കും യാതൊരു സാമ്പത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച പരാതി ഇന്നും സുപ്രീം കോടതിയിൽ നിലനിൽക്കുന്നുണ്ട്.

ഭരണഘടനയുടെ ആർട്ടക്കിൾ 14- ൽ വ്യക്തമാക്കിയ മൗലിക അവകാശമായ വോട്ടവകാശം പ്രവാസിയായി വിധിക്കപ്പെട്ടതുമൂലം സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. എല്ലാം പ്രശ്‌നങ്ങൾക്കും പരിഹാരം വോട്ട് തന്നെയാണ്.

ജീവിക്കാനായി ജീവിതം ഹോമിച്ചവരാണ് പ്രവാസികൾ. എന്നാൽ പ്രവാസികളുടെ നിരവധിയായ അടിസ്ഥാന ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ഭരണകർത്താക്കൾക്ക് കഴിയുന്നില്ല. ഇത്തരം സാഹചര്യത്തിൽ പ്രവാസികളും പ്രവാസി കുടുംബങ്ങളും പ്രക്ഷോഭത്തിലേക്ക് കടക്കുകയാണെന്ന് ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രതിനിധികൾ സൂചിപ്പിച്ചു.

2024 ൽ നടക്കാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ പ്രവാസികളെ പരിഗണിക്കുകയും, തിരഞ്ഞെടുപ്പ് അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഭാരതീയ പ്രവാസി ഫെഡറേഷൻ ഉന്നയിക്കുന്ന ആവശ്യം.

Exit mobile version