‘ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം’: ആവേശത്തോടെ ഹറമിലേക്ക് പോയ പൊന്നുമോന്‍ നിമിഷനേരം കൊണ്ട് തണുത്തുറച്ച ആശുപത്രി മോര്‍ച്ചറിയില്‍: കണ്ണീരായി അബ്ദുല്‍റഹ്‌മാന്റെ മരണം

റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ഒന്‍പതു വയസ്സുകാരന്‍ അബ്ദുല്‍റഹ്‌മാന്‍ മക്കയില്‍ മരണപ്പെട്ട സംഭവം ദാരുണമായിരുന്നു. മാതാവിനും മറ്റു സഹോദരങ്ങള്‍ക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു അബ്ദുല്‍റഹ്‌മാന്‍.
മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കന്‍തൊടി അബ്ദുല്‍റഹ്‌മാന്‍ (ഒമ്പത്) ആയിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്. മാതാവ് ചക്കിപ്പറമ്പന്‍ കുരുങ്ങനത്ത് ഖദീജ, സഹോദരന്‍, സഹോദരിമാര്‍ എന്നിവരോടൊപ്പം ഉംറക്കെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.

തിങ്കളാഴ്ച ഉംറ നിര്‍വഹിച്ച് റൂമിലെത്തി വിശ്രമം കഴിഞ്ഞ് മസ്ജിദുല്‍ ഹറമിലേക്ക് മഗ്രിബ് നമസ്‌കാരത്തിനായി നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും തുടര്‍ന്ന് മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലേക്കും മാറ്റി. ചികിത്സക്കിടെയായിരുന്നു മരണം. സൗദി അറേബ്യയിലെ ഹാഇലില്‍ ജോലി ചെയ്യുന്ന പിതാവ് മുക്കന്‍തൊടി നാസര്‍ കുടുംബത്തോടൊപ്പം മക്കയിലുണ്ട്.

അബ്ദുറഹിമാന്റെ മരണാനന്തര ചടങ്ങുകള്‍ക്കെല്ലാം ഒപ്പമുണ്ടായിരുന്ന മുസ്തഫ മലയിലിന്റെ കുറിപ്പ് കണ്ണീരിലാഴ്ത്തുകയാണ്. നിമിഷ നേരം കൊണ്ടാണ് ഓടിച്ചാടി നടന്നിരുന്ന മകന്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിയതെന്ന് പറഞ്ഞുള്ള പിതാവ് നാസറിന്റെ കരച്ചിലും അവസാനമായി അബ്ദുറഹിമാന്‍ ആഗ്രഹിച്ചതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് കരയുന്ന നാസറിനെ കുറിച്ചുമാണ് മുസ്തഫ കുറിപ്പില്‍ പറയുന്നത്.

ഉപ്പയുടെ വിരല്‍ത്തുമ്പ് പിടിച്ച് ഹറമിലേക്ക് ഇറങ്ങിയതാണ് അബ്ദുറഹ്‌മാന്‍. എത്തിച്ചേര്‍ന്നത് മുഅല്ലയുടെ തണുപ്പില്‍. റൈഹാന്‍ പരിമളം പരന്നൊഴുകന്ന മുഅല്ലയുടെ സുഗന്ധമാസ്വദിച്ച് അവനുറങ്ങട്ടെ…. ‘ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം.’ ഉംറക്കിടയില്‍ അബ്ദുറഹ്‌മാന്‍ എന്നോട് പറഞ്ഞെന്ന് പറഞ്ഞ് നാസര്‍ക്ക മുഖം പൊത്തി കരഞ്ഞു. അല്‍പം മുമ്പ് വരെ ഓടിച്ചാടി കൂടെ നടന്നിരുന്ന പൊന്നുമോന്‍ നിമിഷാര്‍ദ്ധം കൊണ്ട് കിടക്കുന്ന തണുത്തുറച്ച ആശുപത്രി മോര്‍ച്ചറിയുടെ മുന്നില്‍ ഇരുന്നാണ് ഒരു ഉപ്പയുടെ വിലാപം.

ഒന്ന് ചേര്‍ത്ത് പിടിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല. ഒരു വര്‍ണ്ണ പൂമ്പാറ്റയെ പോലെ ഹറമിന്റെ മുറ്റത്ത് പാറിപ്പറന്ന് നടന്നവന്‍. ഉപ്പയും ഉമ്മയും സഹോദരങ്ങളോടുമൊപ്പം ഉംറ പൂര്‍ത്തീകരിച്ചവന്‍. ഉമ്മയെയും പെങ്ങന്മാരെയും ഹറമില്‍ തന്നെ നിര്‍ത്തി മഗ്രിബിന് മുമ്പ് ഒന്ന് റൂമില്‍ പോയി കുളിച്ച് വസ്ത്രം മാറി വരാന്‍ പോയതാണ് അവനും ഉപ്പയും.

കുളി കഴിഞ്ഞ് വസ്ത്രം മാറി ആവേശത്തോടെ ഹറമിലേക്ക് ഉപ്പയുടെ കൈയും പിടിച്ച് നടക്കുന്ന അബ്ദുറഹ്‌മാന്‍ എന്ന പൊന്നുമോന്‍ പെട്ടെന്ന് കുഴഞ്ഞു വീണു. പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്റെ മോന്‍ ഓട്ടത്തിലും ചാട്ടത്തിലും കളിയിലും മറ്റെല്ലാ മേഖലയിലും മിടുക്കനായിരുന്നെന്ന് പറഞ്ഞ് തേങ്ങി തേങ്ങി നാസര്‍ക്ക അദ്ദേഹത്തിന്റെ ഫോണില്‍ അവന്റെ കുറേ ഫോട്ടോസ് എടുത്തു കാണിച്ചു. വിവിധ മത്സരങ്ങള്‍ക്ക് ട്രോഫി വാങ്ങിക്കുന്ന ചിത്രങ്ങള്‍. നിസ്സംഗനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. നടപടിക്രമണങ്ങളെല്ലാം പൂര്‍ത്തിയായി അസര്‍ നമസ്‌കാരത്തിന് ഹറമില്‍ വെച്ച് ലക്ഷങ്ങള്‍ മയ്യത്ത് നമസ്‌കരിച്ച് ഉമ്മുല്‍ മുഹ്‌മിനീന്റെ ചാരെ , മുത്ത് നബിയുടെ പൊന്നുമൊന്റെ ചാരെ തയ്യറാക്കിയ ശാശ്വതമായ ഭവനത്തിലേക്ക് മടക്കം.

ഖബറിലേക്ക് ഇറക്കി വെക്കാന്‍ കൂടെ നാസര്‍ക്കയും ഇറങ്ങി. വിറയാര്‍ന്ന കൈകളോടെ ഇഖ്‌ലാസിന്റെ കരുത്തില്‍ പൊന്നുമൊന്റെ ചലനമറ്റ ശരീരം ഞങ്ങള്‍ ഏറ്റുവാങ്ങി . മണ്ണിനോട് ചേര്‍ത്ത് വെച്ച് പൊന്നോമനയുടെ തിരുനെറ്റിയില്‍ നാസര്‍ക്കയുടെ അന്ത്യ ചുംബനം.

ഖബറില്‍ മുട്ടുകുത്തിയിരുന്ന് ആര്‍ത്തനാദം .കൂടെയുള്ളവര്‍ അദ്ദേഹത്തെ കൈപിടിച്ച് ഖബറില്‍ നിന്ന് കയറ്റി. പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ കതകടയുന്നു. കൂടി നില്‍ക്കുന്നവരുടെ കണ്ണില്‍ ഇരുള്‍ പരക്കുന്നു .പൊന്നുമൊന്റെ കണ്ണില്‍ നിലാവ് പരക്കുന്നുണ്ടാവും. അവന്‍ നിത്യ സ്വര്‍ഗത്തിലേക്ക് യാത്രയാവുകയാണല്ലോ. പ്രാര്‍ത്ഥനയോടെ മടക്കം ..! എല്ലാവരും മടങ്ങി ..! പതിയെ ഒരു സലാം പറഞ്ഞ് ഞാനും ….
അസ്സലാമു അലൈക യാ ശഹീദ് അബ്ദുറഹ്‌മാന്‍..

Exit mobile version