ദുബായിയുടെ അഭിമാനമായ ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയ മലയാളി ഇതാണ്!

11-ാം വയസില്‍ അച്ഛനോടൊപ്പം അടക്ക, കുരുമുളക്, കശുവണ്ടി തുടങ്ങിയവ സംഭരിച്ചുവിറ്റ് ബിസിനസ് തുടങ്ങിയ ജോര്‍ജ് ഇന്ന് ഇന്ത്യയിലും വിദേശത്തും നിരവധി ബിസിനസ് സംരഭങ്ങളുടെയും അധിപനാണ്

ദുബായ്: ചില മനുഷ്യരുണ്ട് അവര്‍ സ്വപ്‌നം കാണുക മാത്രമല്ല, അവയെ കഠിനാധ്വനത്തിലൂടെ വെട്ടിപിട്ടിപിടിക്കുകയും ചെയ്യും. അങ്ങനെ കഠിനാധ്വനത്തിലുടെ ദുബായുടെ അഭിമാനമായ ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ചരിത്രം കുറിക്കുകയാണ് തൃശൂര്‍ക്കാര്‍ സ്‌നേഹത്തോടെ ജോര്‍ജേട്ടനെന്ന് വിളിക്കുന്ന മണ്ണംപേട്ട സ്വദേശി ജോര്‍ജ് നെരേപ്പറമ്പില്‍. 11-ാം വയസില്‍ അച്ഛനോടൊപ്പം അടക്ക, കുരുമുളക്, കശുവണ്ടി തുടങ്ങിയവ സംഭരിച്ചുവിറ്റ് ബിസിനസ് തുടങ്ങിയ ജോര്‍ജ് ഇന്ന് ഇന്ത്യയിലും വിദേശത്തും നിരവധി ബിസിനസ് സംരഭങ്ങളുടെയും അധിപനാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിലെ പ്രധാന വ്യക്തഗത നിക്ഷേപകരിലൊരാളും അദ്ദേഹം തന്നെ. ബുര്‍ജ് ഖലീഫയില്‍ 25 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ജോര്‍ജ് പറയുന്നു

ബന്ധുവായ ഒരാളുടെ പരിഹാസം കലര്‍ന്ന തമാശയാണ് ഒരു വാശിയെന്നപോലെ ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇരുവരും ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നില്‍ക്കവേ ഇതിനകത്ത് ഒന്നുകയറാന്‍ പോലും ജോര്‍ജിന് കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. 2010ല്‍ ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് കൊടുക്കുന്നുവെന്ന പരസ്യം പിന്നീട് കണ്ടപ്പോള്‍ അന്നുതന്നെ കരാര്‍ ഉറപ്പിച്ച് പിറ്റേദിവസം തന്നെ താമസം അവിടേക്ക് മാറ്റി. പിന്നീട് ദുബായ് മെട്രോയിലെ ഒരു പ്രൊജക്ടില്‍ നിന്ന് ലഭിച്ച പണം ചിലവഴിച്ച് ആ അപ്പാര്‍ട്ട്‌മെന്റ് വിലയ്ക്ക് വാങ്ങി.

പിന്നീട് ബിസിനസില്‍ നിന്നുള്ള വരുമാനം നിക്ഷേപിക്കാന്‍ മികച്ച ഒരു അവസരമാണെന്ന് മനസിലാക്കിയ അദ്ദേഹം ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കാന്‍ തുടങ്ങി. ഇപ്പോള്‍ ബുര്‍ജ് ഖലീഫയിലെ 900 അപ്പാര്‍ട്ട്‌മെന്റുകളില്‍ 22 എണ്ണം ജോര്‍ജിന്റെ സ്വന്തമാണ്. ഇതില്‍ 12 എണ്ണം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റുകളുടെ പരിപാലനത്തിനായി മാത്രം പ്രതിവര്‍ഷം 30 ലക്ഷം ദിര്‍ഹമാണ് അദ്ദേഹം ചിലവഴിക്കുന്നത്.

സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് അച്ഛന്റെ നാട്ടിലെ ബിസിനസിനോട് വിടപറഞ്ഞ് ജോര്‍ജ് 1976ല്‍ പ്രവാസിയായത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെടുന്നവ സംസ്‌കരിച്ച് മികച്ച ലാഭമുണ്ടാക്കാമെന്ന തിരിച്ചറിവ് നാട്ടില്‍ നിന്നുതന്നെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഗള്‍ഫിലെ ചൂടില്‍ ലാഭകരമാകുമെന്ന് അദ്ദേഹം കണ്ടെത്തിയ സെക്കന്റ് ഹാന്റ് എയര്‍ കണ്ടീഷനുകളുടെ വിപണനമായിരുന്നു 1977ല്‍ 22-ാം വയസില്‍ അദ്ദേഹം തുടങ്ങിയത്. തകരാറിലായ പഴയ എയര്‍കണ്ടീഷണറുകള്‍ ചെറിയ വിലയ്ക്ക് വാങ്ങി തകരാറുകള്‍ പരിഹരിച്ച് വില്‍ക്കുന്നതായിരുന്നു രീതി. ബിസിനസില്‍ നിന്നുള്ള പണം സ്വരൂക്കൂട്ടി തൊട്ടടുത്ത വര്‍ഷം ഒരു മിനി വാന്‍ വാങ്ങി. പിന്നീട് ടെയില്‍സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു.

ബിസിനസ് വിപുലമായതോടെ ജിയോ ഗ്രൂപ്പ് എന്ന് പേരുമാറ്റി. തൃശൂരിലെ രാഗം തീയറ്റര്‍ ഉള്‍പ്പെടെ ഇന്ന് 15ഓളം സ്ഥാപനങ്ങളാണ് ജിയോ ഗ്രൂപ്പിന് കീഴില്‍ ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം ജീവനക്കാരുമുണ്ട്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മുംബൈ വഴി നാട്ടിലേക്ക് പെട്ടെന്ന് വരേണ്ടിവന്ന യാത്രാ ക്ലേശമാണ് കൊച്ചി വിമാനത്താവളത്തിന്റെ മുഖ്യ നിക്ഷേപകരിലൊരാളാക്കി അദ്ദേഹത്തെ മാറ്റിയത്. 14 ശതമാനം ഓഹരികളുള്ള അദ്ദേഹം സര്‍ക്കാര്‍ കഴിഞ്ഞാല്‍ സിയാലില്‍ ഏറ്റവുമധികം നിക്ഷേപമുള്ള വ്യക്തിയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പെടെ ഹെല്‍ത്ത്‌കെയര്‍ രംഗത്തും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഒപ്പം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക മേഖലയിലും നിറസാന്നിദ്ധ്യമാണ് തൃശൂര്‍ക്കാരുടെ ജോര്‍ജേട്ടന്‍.

Exit mobile version