യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതല്‍ കര്‍ശന പരിശോധന

'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയത്

ദുബായ്: യുഎഇയില്‍ ഓഗസ്ത് ഒന്നു മുതല്‍ ആരംഭിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന വിദേശികള്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ ഇല്ലാതെ രാജ്യംവിടാനും രേഖകള്‍ ശരിയാക്കി അവിടെ തന്നെ തുടരാനും പൊതുമാപ്പ് അവസരമൊരുക്കി.

‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയത്. അഞ്ചു മാസം നീണ്ട യുഎഇ പൊതുമാപ്പ് ഉത്തരേന്ത്യയില്‍ നിന്നുള്ള ആയിരങ്ങള്‍ക്കാണ് തുണയായതെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

പൊതുമാപ്പ് അവസാനിക്കുന്ന സാഹചര്യത്തില്‍ നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് അറിയിച്ചു. നിയമലംഘകര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്ക് അര ലക്ഷം ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യുഎഇയിലെ ഒന്‍പത് കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തോളം പേരാണ് എത്തിയത്. ഇതില്‍ ദുബായിലും അബുദാബിയിലുമാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ എത്തിച്ചേര്‍ന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാകിസ്താന്‍, ശ്രീലങ്ക, ആഫ്രിക്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Exit mobile version