എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം! അമൂല്യ സ്വത്താണ്, അച്ഛനും അമ്മയ്ക്കും ക്ഷേത്ര ദര്‍ശനങ്ങള്‍ക്കായി വിട്ടുകൊടുക്കും: ഥാര്‍ സ്വന്തമാക്കിയ പ്രവാസി വിഘ്‌നേഷ്

ദുബായ്: ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കിയ പ്രവാസി മലപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറിന്റെ വാക്കുകളാണിത്. 43 ലക്ഷം രൂപയ്ക്കാണ് ഥാര്‍ വിഘ്‌നേഷ് സ്വന്തമാക്കിയത്.

താന്‍ ഗുരുവായൂരപ്പന്റെ വലിയ ഭക്തനാണ്. മാസത്തിലൊരിക്കല്‍ തൊഴാന്‍ പോകാറുണ്ട്. ഗുരുവായൂരപ്പന് ദക്ഷിണയായി കിട്ടിയ അമൂല്യ സ്വത്താണ് ഈ വാഹനമെന്നും എത്ര വില നല്‍കിയിട്ടാണെങ്കിലും അത് സ്വന്തമാക്കാന്‍ തന്നെയായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വൈകാതെ നേരിട്ട് ചെന്ന് ഥാര്‍ ജീപ്പ് ഏറ്റുവാങ്ങണമെന്നാണ് ആഗ്രഹം. ആദ്യം നടന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചു ഇമെയില്‍ അയച്ചിരുന്നെങ്കിലും പങ്കെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

പിതാവ് വിജയകുമാറും പ്രൊജക്ട് മാനേജര്‍ അനൂപുമാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഖ്യാശാസ്ത്രത്തില്‍ ഏറെ വിശ്വസിക്കുന്നയാളാണ് താനെന്നും കമ്പനിയുടെ പുതിയ സംരംഭത്തിന് തുടക്കമിട്ട വേളയില്‍ തന്നെ വാഹനം സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ പുതിയ കമ്പനിയുടെ ഉദ്ഘാടനം. അതുകൊണ്ടുതന്നെ ലേലത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം പ്രൊജക്ട് മാനേജര്‍ അനൂപിനെയാണ് ലേലത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. ഒപ്പം അച്ഛനുമുണ്ടായിരുന്നു. ഇന്നലത്തെ തിരക്കുകള്‍ക്ക് ശേഷം രാവിലെ അനൂപിനെ ഫോണില്‍ വിളിച്ച് പറഞ്ഞത് വിലയുടെ കാര്യം നോക്കേണ്ടെന്നും പോയി ലേലം ഉറപ്പിച്ച് മാത്രമേ വരാവൂ എന്നുമായിരുന്നു.

‘ഞാന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നതിനെ പുറമെ എന്റെ അച്ഛനും അമ്മയും ഗുരുവായൂരപ്പന്റെ കടുത്ത ഭക്തരാണ്. അച്ഛനും അമ്മയ്ക്കും ക്ഷേത്ര ദര്‍ശനങ്ങള്‍ക്കായി വിട്ടുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും’ വിഘ്‌നേഷ് പറഞ്ഞു.

ദുബായിലെ അറിയപ്പെടുന്ന വാഹനപ്രേമി കൂടിയാണ് വിഘ്‌നേഷ്. വിഘ്‌നേഷിന്റെ സ്വകാര്യ ശേഖരത്തില്‍ ആഡംബര കാറുകള്‍ ഉള്‍പ്പെടെ 12 വാഹനങ്ങള്‍ സ്വന്തമായുണ്ട്. ഫെറാറിയും ബെന്റ്‌ലിയും മേബാക്കും റോള്‍സ് റോയ്‌സുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇനി വരാന്‍ പോകുന്നതും ഇപ്പോള്‍ ഉള്ളതുമടക്കമുള്ള ഒരു വാഹനത്തിനും ഇന്ന് ലഭിച്ച ഥാറിനോളം മൂല്യമില്ലെന്ന് തന്നെയാണ്’ വിഘ്‌നേഷ് പറയുന്നത്.

‘ചെറുപ്പത്തിലേ വാഹനക്കമ്പമുണ്ടായിരുന്നെങ്കിലും അവ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. പിന്നീട് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് അവയെല്ലാം സാധ്യമായി.

അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‌നേഷ് 18 വര്‍ഷമായി ദുബായില്‍ ബിസിനസ് നടത്തുകയാണ്. റിയല്‍ എസ്റ്റേറ്റ്, റെന്റ് എ കാര്‍ തുടങ്ങിയ ബിസിനസുകളാണ് വിഘ്‌നേഷിന് യുഎഇയിലുള്ളത്. ഏഴ് കമ്പനികള്‍ ഗള്‍ഫിലും രണ്ട് കമ്പനികള്‍ നാട്ടിലുമുണ്ട്. വിദേശ രാജ്യങ്ങളിലും കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.

Exit mobile version