കൊടുത്ത പണം തിരികെ കിട്ടാന്‍ അതിബുദ്ധി പ്രയോഗിച്ചു; പ്രവാസിക്ക് ജയില്‍ശിക്ഷ

സുഹൃത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ 10,800 ദിര്‍ഹമാണ് കടം കൊടുത്തത്. എന്നാല്‍ ചെയ്ത ഉപകാരം തന്നെ ജയിലിലാക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അദ്ദേഹം പറയുന്നു

ഷാര്‍ജ: സുഹൃത്തിന് സാമ്പത്തിക സഹായം നല്‍കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ.
കൊടുത്ത പണം തിരികെ കിട്ടാതായപ്പോള്‍ മറ്റുവഴികളില്ലാതെ പ്രയോഗിച്ച കടുംകൈ ഒടുവില്‍ കുരുക്കായി മാറിയിരിക്കുകയാണ് പ്രവാസിക്ക്. പണം വാങ്ങാന്‍ പോലീസ് ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞതാണ് ഏഷ്യക്കാരന് വിനയായത്. സംഭവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

സുഹൃത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ 10,800 ദിര്‍ഹമാണ് കടം കൊടുത്തത്. എന്നാല്‍ ചെയ്ത ഉപകാരം തന്നെ ജയിലിലാക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അദ്ദേഹം പറയുന്നു. പലതവണ പണം മടക്കി ചോദിച്ചെങ്കിലും സുഹൃത്ത് അനങ്ങിയില്ല. പണം നല്‍കുന്നത് പോയിട്ട് തന്നെ കാണുമ്പോള്‍ അവഗണിക്കുക കൂടി ചെയ്യാന്‍ തുടങ്ങിയതോടെയാണ് പോലീസ് ചമഞ്ഞ് വിരട്ടാമെന്ന് കരുതിയത്. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്ത് പരാതി നല്‍കിയതോടെ ഇയാള്‍ വെട്ടിലായി. പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

തനിക്ക് പോലീസ് വകുപ്പിലാണ് ജോലിയെന്ന് സുഹൃത്തിനോട് പറഞ്ഞുവെന്ന് ഇയാള്‍ പോലീസുകാരോട് സമ്മതിച്ചു. എന്നാല്‍ പണം കിട്ടിതായപ്പോള്‍ സഹിക്കാനാവാതെ അങ്ങനെ ചെയ്തതാണെന്നും മൊഴിയിലുണ്ട്. പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഇയാള്‍ മോഷ്ടിച്ചെന്നും പരാതിയിലുണ്ട്. മോഷണം, ഭീഷണിപ്പെടുത്തല്‍, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രഥമിക വാദം കേട്ട കോടതി ജനുവരി ഒന്‍പതിലേക്ക് മാറ്റിവെച്ചു. പ്രതിയെ ജയിലില്‍ പാര്‍പ്പിക്കാനാണ് നിലവില്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Exit mobile version