ശിശു സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ..! നിയമം പ്രവാസികള്‍ക്കും ബാധകം

അബുദാബി: ശിശു സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ ക്യാബിനറ്റ്. 2016ല്‍ നിലവില്‍ വന്ന ഭേദഗതിയിലാണ് സുപ്രാധാന മാറ്റങ്ങള്‍ വരുത്തിയത്. എന്നാല്‍ ഇപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ പ്രവാസികള്‍ക്കും ബാധകമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്യാബിനറ്റ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സ്വദേശി പെണ്‍കുട്ടി ‘വദീമ’യുടെ പേരിലാണ് യുഎഇയിലെ ശിശുസംരക്ഷണ നിയമം അറിയപ്പെടുന്നത്.

കുട്ടികളുടെ തൊഴില്‍, പരിശീലനം, തൊഴില്‍ സാഹചര്യങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള അവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമം, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്കുള്ള നിബന്ധനകള്‍, കുട്ടികളെ ദത്തെടുക്കുന്ന കുടുംബങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ തുടങ്ങിയവയൊക്കെ പുതിയ ഭേദഗതിയിലുണ്ട്. 15 വയസില്‍ താഴെയുള്ള കുട്ടികളെ ജോലി ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ല. അതിന് മുകളിലുള്ള കുട്ടികള്‍ക്ക് ജോലി നല്‍കുന്നതിന് പ്രത്യേക അപേക്ഷ നല്‍കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ സാമൂഹിക വികസന മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും ശ്രദ്ധാപൂര്‍വം പഠിച്ചശേഷമേ അനുമതി നല്‍കാവൂ. പുതുക്കിയ ഭേദഗതി യുഎഇ ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Exit mobile version