നാല് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം: മരണം തേടിയെത്തുമ്പോഴും തൊഴിലിടത്തില്‍; ഉറ്റവര്‍ക്ക് അറിയേണ്ടിയിരുന്നത് നോമിനിയെ മാത്രം, നെഞ്ച് തകര്‍ക്കുന്ന നോവ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

കുടുംബത്തിന് വേണ്ടി ജീവിതത്തിലെ നല്ല പങ്കും അന്യനാട്ടില്‍ അധ്വാനിച്ച് കഷ്ടപ്പെടുന്നവരാണ് പ്രവാസികള്‍. അവരുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് തീരാ നഷ്ടമാണ്, ഏറെ വേദനിപ്പിക്കുന്നതുമാണ്.

എന്നാല്‍ അവരുടെ സമ്പാദ്യത്തില്‍ മാത്രം പ്രതീക്ഷിച്ചിരിക്കുന്നവരുമുണ്ട്, ജീവിതാവസാനം വരെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ടും, രവിയേട്ടന്റെ മരണവിവരമറിഞ്ഞ നാട്ടിലെ ബന്ധുക്കള്‍ക്ക് ആദ്യമറിയേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ നോമിനി ആരാണെന്നായിരുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകള്‍:

40 വര്‍ഷം നീണ്ട പ്രവാസത്തിനിടക്ക് വിവാഹിതനാകാന്‍ പോലും മറന്നിരുന്നു രവിയേട്ടന്‍. അഞ്ചു സഹോദരിമാരുടെ വിവാഹവും ഒരു കിടപ്പാടവും നാട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങളുമൊക്കെ പൂര്‍ത്തീകരിക്കാനുള്ള ഓട്ടത്തിനിടക്ക് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. ഒടുവില്‍, മരണം രവിയേട്ടനെ തേടിയെത്തുമ്പോഴും വേണ്ടപ്പെട്ടവര്‍ക്കായി അദ്ദേഹം മരുഭൂമിയിലെ തൊഴിലിടത്തില്‍ തന്നെയായിരുന്നു.

കഴിഞ്ഞ ദിവസം അജ്മാനിലെ താമസസ്ഥലത്താണ് പാലക്കാട് സ്വദേശിയായ രവി മരിച്ചത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നത് രവിയേട്ടന്റെ ആഗ്രഹമായിരുന്നു. അങ്ങിനെയാണ് അഷ്‌റഫ് താമരശേരി നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുന്നത്.

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സേവന സന്നദ്ധതയോടെ ഇടപെടുന്ന അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ കൈകൊണ്ടത്. അതിന്റെ ഭാഗമായാണ് അഷ്‌റഫ് താമരശേരി നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടത്.

കോവിഡോ മറ്റോ ബാധിച്ച് മരിച്ചതാണെങ്കില്‍ ഗള്‍ഫില്‍ തന്നെ സംസ്‌കരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടതത്രെ. കോവിഡല്ലെന്നും നാട്ടില്‍ സംസ്‌കരിക്കണമെന്നത് രവിയേട്ടന്റെ വലിയ ആഗ്രഹമായിരുന്നെന്നും ബന്ധുക്കളെ അറിയിച്ചപ്പോള്‍ രവിയേട്ടന്റെ സമ്പാദ്യത്തിന്റെ നോമിനി ആരാണെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് അഷ്‌റഫ് താമരശേരി വേദനയോടെ പങ്കുവയ്ക്കുന്നു. കയ്‌പ്പേറിയ അനുഭവം ഓരോ പ്രവാസിക്കും പാഠമാകാനാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്നലെ മൂന്ന് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കൾ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വർഷമായി അജ്മാനിലെ induatrial Area യിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. എൺപത് കാലഘട്ടങ്ങളിലെ പ്രവാസി. അഞ്ച് സഹോദരിമാരിൽ ഏക ആങ്ങള,ഒരു വലിയ കുടുംബത്തിൻ്റെ ഏക പ്രതീക്ഷ.സ്വന്തമായി ഒരു കിടപ്പാടം,സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ,സുഹ്യത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ,അതൊക്കെ കഴിഞ്ഞ് വന്നപ്പോൾ വർഷങ്ങൾ പോയി,സ്വന്തം ജീവിതവും മറന്നു.സഹോദരിമാരുടെ വിവാഹങ്ങൾ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങൾക്കും രവിയേട്ടൻ ഉണ്ടായിരുന്നു.എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാപേരോടും പെരുമാറുന്ന രവിയേട്ടൻ്റെ ഉളളിൽ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു.അത് ആർക്കും മനസ്സിലാക്കാൻ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാൻ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു.ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കഴിച്ച് കിടന്നു.രാവിലെ റുമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല.എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി.

ആർക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം. ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോൾ എങ്ങനെയായിരുന്നു മരണമെന്നും,കോവിഡോ മറ്റും ആണെങ്കിൽ അവിടെ തന്നെ അടക്കം ചെയ്യുവാൻ പറഞ്ഞു.മറ്റ് ചിലർക്ക് അറിയേണ്ടത് 40 വർഷത്തെ സർവ്വീസിൽ കിട്ടുന്ന പെെസായുടെ നോമിനി ആരാണെന്നും,അവരെയാണ് ഒന്ന് വിവരമറിയുക്കുവാനും എന്നോട് അവശ്യപ്പെട്ടു.

അതൊക്കെ പിന്നെത്തെ കാര്യമാണെന്നും,മരിക്കുമ്പോൾ നാട്ടിൽ തന്നെ സംസ്കരിക്കണമെന്നതാണ് രവായേട്ടൻ്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അവർ സമ്മതിക്കുകയായാരുന്നു.

ഒരു സിനിമാ കഥ പോലെ വായിക്കുന്ന വർക്ക് തോന്നുകയാണെങ്കിൽ ഇത് തികച്ചും യാഥാർത്ഥ്യമാണ്.ഈ വർത്തമാന കാലഘട്ടത്തിൽ സംഭവിച്ചാേണ്ടിരിക്കുന്ന വിഷയങ്ങളാണ്.

ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. സ്വർത്ഥത വെടിയുക.ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാൻ പഠിക്കുക.,കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി,അത് മരണമാണ്.

അഷ്റഫ് താമരശേരി

Exit mobile version