അടിമുടി മാറ്റിയെഴുതി യുഎഇയിലെ നിയമങ്ങൾ; ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടിയെങ്കിൽ വധശിക്ഷ, വിവാഹേതര ബന്ധം മാരക കുറ്റവുമല്ല

അബുദാബി: യുഎഇയിലെ പുതുക്കിയ നിയമപരിഷ്‌കാരങ്ങൾ പ്രവാസികൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്. വിദേശികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നത് കൂടിയാണ് നിയമ പരിഷ്‌കാരങ്ങൾ. 40 ഓളം നിയമങ്ങളാണ് ഇത്തരത്തിൽ പരിഷ്‌കരിച്ചത്. പുതിയ നിയമനിർമ്മാണം സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്.

ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിലാണ് ശിക്ഷ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്നതാണ് യുഎഇയിലെ പുതിയ ഫെഡറൽ ക്രൈം ആൻഡ് പണിഷ്മെന്റ് നിയമം. നിയമപരിഷ്‌കാരങ്ങൾക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.

ബലാത്സംഗ കേസുകളിൽ ഇര 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉള്ള വ്യക്തിയോ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലോ ആണെങ്കിൽ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

READ MORE- നടൻ വിജയ്‌യെ കാണാൻ ആഗ്രഹിച്ച് നടന്നു, എത്തിപ്പെട്ടത് കൊച്ചിയിലെ അഗതി മന്ദിരത്തിൽ; ഒടുവിൽ ‘ദളപതിയുടെ’ തുണയിൽ ബന്ധുക്കളെ തിരിച്ചുപിടിച്ച് രാംരാജ്

സാമ്പത്തിക, നിക്ഷേപ, വാണിജ്യ, മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്താനുമാണ് പരിഷ്‌കാരങ്ങളെന്ന് യുഎഇ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. കൂടാതെ വിവാഹേതര ബന്ധങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. 2022 ജനുവരി രണ്ട് മുതൽ പുതുക്കിയ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വരും.

Exit mobile version