യുഎഇയിലെ പൊരിവെയിലത്ത് വിശ്രമിക്കാന്‍ ഭാര്യയ്ക്കും മക്കള്‍ക്കും പോലീസ് വാഹനത്തില്‍ ഇടം നല്‍കി; നിറഞ്ഞ മനസോടെ നന്ദി പറഞ്ഞ് പ്രവാസി മലയാളി, വീഡിയോ

malayali pravasi | Bignewslive

അജ്മാന്‍: യുഎഇയിലെ പൊരിവെയിലത്ത് റോഡരികില്‍ വിശ്രമിക്കാന്‍ ഭാര്യയ്ക്കും മക്കള്‍ക്കും പോലീസ് വാഹനത്തില്‍ ഇടം നല്‍കിയതില്‍ നന്ദി പറഞ്ഞ് പ്രവാസി മലയാളി. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അജ്മാന്‍ പോലീസ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പോലീസിന് അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയയും രംഗത്തുണ്ട്. അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്ത് പോലീസിന് നന്ദി അറിയിച്ചു.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തുന്നതിനാണ് വീഡിയോ പോസ്റ്റ് ചെയ്ത മലയാളി ഭാര്യയോടൊപ്പം ഏറെ നേരം കാത്തിരുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആരെയും അകത്തേക്ക് കടത്തിവിടുന്നില്ലെന്നും അതുകൊണ്ട് പുറത്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

കുടുംബം വെയിലത്ത് നില്‍ക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന അജ്മാന്‍ പൊലീസ് സംഘം ഇവരോട് പട്രോള്‍ വാഹനത്തിനുള്ളില്‍ വിശ്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശീതീകരിച്ച വാഹനത്തിനുള്ളില്‍ കുട്ടികള്‍ വിശ്രമിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പൊരിവെയിലത്ത് പുറത്തിറങ്ങി നിന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഭാര്യയും മക്കളും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മലയാളി, അറബിയില്‍ നന്ദി പറയുകയും ചെയ്യുന്നുണ്ട്.

Exit mobile version