അബുദാബിയുടെ ഉന്നത ബഹുമതിക്ക് അര്‍ഹനായി; വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്ന് ഇവിടെവരെ എത്തി നില്‍ക്കുന്നതെന്ന് എംഎ യൂസഫലി

MA Yusuf Ali | Bignewslive

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരം. യുഎഇയുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ അബുദാബി അവാര്‍ഡ് യൂസഫലിയെ തേടിയെത്തിയത്.

അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം യൂസഫലിക്ക് കൈമാറി. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയിലും ഇടംപിടിച്ചു കഴിഞ്ഞു. നിരവധി പേര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി സര്‍ക്കാരിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് എംഎ യൂസഫലി പ്രതികരിച്ചു. അവാര്‍ഡ് സ്വീകരിച്ചതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യൂസഫലിയുടെ വാക്കുകള്‍;

കഴിഞ്ഞ 47 വര്‍ഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബര്‍ 31 നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യില്‍ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നു.

ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് യുഎഇ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനകളും കൊണ്ടാണ്. എനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നു.

Exit mobile version