അജ്മാനില്‍ ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അജ്മാന്‍: അജ്മാനില്‍ ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇന്ന് (2021 മാര്‍ച്ച് – 2, ചൊവ്വാഴ്ച) മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നു.

റസ്റ്റോറന്റ് \ കഫേ, സൂപ്പര്‍ മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ് ഹാളുകള്‍,സലൂണുകള്‍, ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍, ഫുഡ് ആന്റ് മീല്‍ ഡെലിവറി കമ്പനികള്‍, കാര്‍ വാഷ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആഴ്ചയിലൊരിക്കല്‍ കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. അജ്മാനിലെ എമര്‍ജന്‍സി, ക്രൈസിസ്, ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

അതേസമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തുകഴിഞ്ഞവര്‍ക്ക് പരിശോധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ കോണ്ടാക്ട് ട്രേസിങ് ആപ്ലിക്കേഷനായ അല്‍ ഹുസ്ന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

അതേസമയം യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,721 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,666 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇന്ന് 2,721 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,96,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,83,998 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,253 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 11,520 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

പുതുതായി നടത്തിയ 2,25,159 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 3.1 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്.

Exit mobile version