നഴ്‌സിങ് റിക്രൂട്ട്‌മെന്റ തട്ടിപ്പ് കേസിലെ പ്രതിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; സെഷന്‍സ് കോടതിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

തട്ടിപ്പിലൂടെ ലഭിച്ച 100 കോടിയോളം രൂപ ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയരുന്നു

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയ സെഷന്‍സ് കോടതി നടപടിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. 45 ദിവസം ഉതുപ്പ് വര്‍ഗീസിന് വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കിയത് വിമര്‍ശനം. ജാമ്യ വ്യവസ്ഥയിലെ ഇളവ് റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള രേഖകള്‍ തിരുത്തി 400 കോടിയോളം രൂപ തട്ടിയെടുത്തന്ന കേസിലായിരുന്നു കൊച്ചിയിലെ അല്‍ സറാഫ് റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമ ഉതുപ്പ് വഗീസിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച 100 കോടിയോളം രൂപ ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയരുന്നു. ഇന്റര്‍പോളിന്റെ റേഡ്‌കോര്‍ണര്‍ നോട്ടിസിലൂടെയാണ് ഉതുപ്പിനെ നാട്ടിലെത്തിച്ച് പിന്നീട് അറസ്റ്റ് ചെയ്തത്.

136 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ രാജ്യം വിടാന്‍ പാടില്ലെന്ന കര്‍ശന ഉപാധികളോടെയാണ് ഉതുപ്പ് വഗീസ് പുറത്തിറങ്ങുന്നത്. എന്നാല്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി. 45 ദിവസം യുഎഇ ലേക്ക് പോകുന്നതിനായിരുന്നു ഇളവനുവദിച്ചത്. ഇതനുസരിച്ച് ഉതുപ്പ് വിദേശത്തേക്ക് കടന്നു. ഇതിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ഉതുപ്പ് വര്‍ഗീസിനെ തിരികെ പോകാന്‍ അനുവദിച്ചത് ശരിയായില്ലെന്നും വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമായിരുന്നു എന്‍ഫോഴ്‌സമെന്റ് വാദം. ഈ വാദത്തിനിടെയാണ് സെഷന്‍സ് കോടതി നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഉതുപ്പിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതെന്ന് ചോദിച്ച കോടതി വീണ്ടുവിചാരമില്ലാത്ത നടപടിയായിപ്പോയെന്നും കുറ്റപ്പെടുത്തി.

Exit mobile version