ബാങ്ക് വിവരങ്ങള്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക, സൈറ്റുകളില്‍ കാണുന്ന വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്

അബുദാബി: ആളുകളെ വഴി തെറ്റിക്കുന്ന പല പരസ്യങ്ങളും വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷമാകുന്നു വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. തങ്ങളുടെ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കാഷ് റിട്ടേണുകള്‍ എന്നിവ നല്‍കും എന്ന തരത്തില്‍ വെബ്സൈറ്റുകളില്‍ കാണുന്ന പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നുമാണ് പോലീസിന്റെ നിര്‍ദേശം.

അതേസമയം പരസ്യങ്ങള്‍ പലതും യുഎഇയിലെ മുന്‍ നിരബാങ്കുകളുടെ വെബ്സൈറ്റുകളിലേതിന് സമാനമായവയാണ്. അതിനാലാണ് ആളുകള്‍ കൂടുതല്‍ വഞ്ചിക്കപ്പെടുന്നതെന്നും ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കുകളില്‍ കയറുകയോ, പ്രൊമോഷനുകള്‍ക്ക് ആവശ്യപ്പെടുന്ന രഹസ്യവിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യരുതെന്നും പോലീസ് പറയുന്നു.

പരസ്യത്തില്‍ കുടുങ്ങുന്നവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വലിയ തുകയാണ് സംഘം മോഷ്ടിക്കുന്നതെന്നും അബുദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഒമ്രാന്‍ അഹമ്മദ് അല്‍ മസ്റോയി വ്യക്തമാക്കി.

Exit mobile version