വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

ദുബായ്: വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. രാവിലെ യുഎഇ സമയം 10.00 മണിക്ക് (ഇന്ത്യന്‍ സമയം 11.30) ബുക്കിങ് ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്.

അതേസമയം വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ നടത്തുന്ന എല്ലാ സര്‍വീസുകളിലും തിരക്ക് വളരെ കുറവാണ്. അത്യാവശ്യമായി യാത്ര ചെയ്യേണ്ടവര്‍ ഇതിനോടകം മടങ്ങിയതും സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചതുമാണ് തിരക്ക് കുറയാന്‍ കാരണമായത്.

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ അബുദാബി ഇലക്ട്ര സ്ട്രീറ്റിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി. ജൂലൈ ആദ്യം യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജനറല്‍ സെയില്‍സ് ഏജന്റായ അറേബ്യന്‍ ട്രാവല്‍ ഏജന്‍സി, അന്‍ മിനയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചര്‍ സെന്ററിലേക്ക് ബുക്കിങ് ഓഫീസ് മാറ്റിയിരുന്നു. ജൂലൈയില്‍ 450 പേരോളം ദിവസവും ടിക്കറ്റുകള്‍ക്കായി ഇവിടെ എത്തിയിരുന്നുവെന്നാണ് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ടിക്കറ്റുകള്‍ക്കായി ശരാശരി 100 പേരാണ് എത്തുന്നത്.

.

Exit mobile version