ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; യുഎഇയില്‍ ടെലിവിഷന്‍ ചാനലിലെ രണ്ട് പേര്‍ അറസ്റ്റില്‍

ദുബായ്: കൊവിഡ് 19ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുഎഇയിലാണ് സംഭവം. രാജ്യത്തെ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ വന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നായിരുന്നു പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചത്. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ത്ത നല്‍കാനിടയായ സാഹചര്യവും യഥാര്‍ത്ഥ ലക്ഷ്യവും ഏതൊക്കെ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായെന്നും സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിക്കുന്നു.

രാജ്യത്ത് കൊവിഡിനെകുറിച്ച് വ്യാജവിവരങ്ങള്‍ പങ്കിടുന്നത് കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Exit mobile version